Cricket Sports

ഇന്ത്യയുടെ വിൻഡീസ് പര്യടനത്തിന് നാളെ തുടക്കം; യശസ്വി ജയ്സ്വാൾ അരങ്ങേറിയേക്കും


ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസ് പര്യടനത്തിന് നാളെ തുടക്കം. രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം നാളെ ഡൊമിനിക്കയിൽ ആരംഭിക്കും. പുതിയ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ആദ്യ മത്സരമാണ് ഇത്. യുവതാരം യശസ്വി ജയ്സ്വാൾ അരങ്ങേറാനിടയുണ്ട്. വെറ്ററൻ ടെസ്റ്റ് സ്പെഷ്യലിസ്റ്റ് ചേതേശ്വർ പൂജാരയ്ക്ക് പകരമെത്തിയ യശസ്വി പൂജാരയുടെ പൊസിഷനായ മൂന്നാം നമ്പറിൽ കളിക്കുമെന്നാണ് കരുതപ്പെടുന്നത്.

ഋതുരാജ് ഗെയ്ക്‌വാദ് ടീമിലുണ്ടെങ്കിലും താരം ബാക്കപ്പ് ഓപ്പണറായതിനാൽ കളിക്കാനിടയില്ല. രോഹിത്, ഗിൽ ഓപ്പണിംഗ് സഖ്യം തുടരും. യശസ്വി മൂന്നാം നമ്പറിൽ കളിക്കുമ്പോൾ കോലി, രഹാനെ എന്നിവർ നാല്, അഞ്ച് നമ്പറുകളിൽ പാഡണിയും. ശ്രീകർ ഭരതിനെ പുറത്തിരുത്തി ഇഷാൻ കിഷനെ വിക്കറ്റ് കീപ്പർ റോളിലേക്ക് പരിഗണിച്ചേക്കും. ജഡേജ, അശ്വിൻ എന്നിവർ അടുത്ത സ്ഥാനങ്ങളിൽ. ശാർദുൽ താക്കൂർ, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ/ജയ്ദേവ് ഉനദ്കട്ട് എന്നിവരാവും പേസ് ഓപ്ഷനുകൾ.

ക്രെയ്ഗ് ബ്രാത്‌വെയ്റ്റിൻ്റെ കീഴിൽ ഇറങ്ങുന്ന വിൻഡീസ് ശുഭകരമായ അവസ്ഥയിലല്ല. ഏകദിന ലോകകപ്പ് യോഗ്യത നേടാനാതെ പോയ വിൻഡീസ് പരമ്പര സമനിലയെങ്കിലുമാക്കാനാവും ഇറങ്ങുക. ബ്രാത്‌വെയ്റ്റിനൊപ്പം ടാഗെനരൈൻ ചന്ദർപോൾ ഓപ്പണറാവും. കിർക് മക്കൻസി, അലിക്ക് അതനാസെ, ജെർമൈൻ ബ്ലാക്ക്‌വുഡ്, റഖീം കോൺവാൾ, ജേസൻ ഹോൾഡൾ, ജോഷ്വ ഡിസിൽവ എന്നിവർക്കൊപ്പം ഷാനോൻ ഗബ്രിയേൽ, അൽസാരി ജോസഫ്, കെമാർ റോച്ച് എന്നീ സ്പെഷ്യലിസ്റ്റ് പേസർമാരും ടീമിൽ കളിക്കും. മക്കൻസി, ഹോൾഡർ എന്നിവർ പേസ് ഓപ്ഷനും കോൺവാൾ സ്പിൻ ഓപ്ഷനുമാണ്.