Cricket Sports

വിന്‍ഡീസിനെതിരെ കൂറ്റന്‍ ജയത്തോടെ ഇന്ത്യക്ക് ടി20 പരമ്പര

നിര്‍ണ്ണായകമായ മൂന്നാം ടി20യില്‍ വിന്‍ഡീസിനെ 67 റണ്‍സിന് തോല്‍പിച്ച് ഇന്ത്യക്ക് പരമ്പരജയം. വാങ്കഡെയില്‍ ഇന്ത്യ കുറിച്ച 241 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന വെസ്റ്റ് ഇന്‍ഡീസിന് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ടോസ് നഷ്ടപ്പെട്ട് ബാറ്റിംങിനിറങ്ങിയ ഇന്ത്യയെ രക്ഷിച്ചത് ബാറ്റിംങ് നിരയുടെ ഉശിരന്‍ പ്രകടനമാണ്.

സെഞ്ചുറിയോളം പോന്ന ഇന്നിംങ്സുമായി കെ.എല്‍ രാഹുലും(56 പന്തില്‍ 91) കൂറ്റനടികളുമായി രോഹിത്ത് ശര്‍മ്മയും(34 പന്തില്‍ 71) വിരാട് കോലി(29 പന്തില്‍ 70*)യുമാണ് ഇന്ത്യക്കുവേണ്ടി കളം വാണത്. ഇവരുടെ ബാറ്റിംങ് മികവില്‍ ഇന്ത്യ 20 ഓവറില്‍ 3ന്240 എന്ന കൂറ്റന്‍ സ്‌കോറിലെത്തി.

മറുപടിക്കിറങ്ങിയ വിന്‍ഡീസിന് തുടക്കത്തിലേ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. സിമ്മണ്‍സ്(7) ബ്രാണ്ടണ്‍ കിങ്(5) പൂരന്‍(0) എന്നീ മുന്‍നിരക്കാരുടെ നഷ്ടം സൃഷ്ടിച്ച ആഘാതത്തില്‍ നിന്നും കളിയിലൊരിക്കലും വെസ്റ്റ് ഇന്‍ഡീസിന് കരകയറാനായില്ല.

കുത്തനെ ഉയര്‍ന്ന റണ്‍ നിരക്ക് എത്തിപ്പിടിക്കാന്‍ ഹെറ്റ്‌മെയറും(24 പന്തില്‍ 41) പൊള്ളാര്‍ഡും(39 പന്തില്‍ 68) ശ്രമിച്ചെങ്കിലും പരിധിക്കപ്പുറം പോകാന്‍ ഇരുവര്‍ക്കുമായില്ല. ഹെറ്റ്‌മെയര്‍ അഞ്ച് സിക്‌സും പൊള്ളാര്‍ഡ് ആറ് സിക്‌സുമാണ് പറത്തിയത്. പൊള്ളാര്‍ഡിനെ 15ആം ഓവറിലെ അവസാന പന്തില്‍ ബൗണ്ടറി ലൈനിന് സമീപത്തുവെച്ച് പകരക്കാരന്‍ ഫീല്‍ഡര്‍ രവീന്ദ്ര ജഡേജ പിടി കൂടിയപ്പോഴേ വെസ്റ്റ് ഇന്‍ഡീസ് കളി തോറ്റിരുന്നു. പിന്നീട് നടന്നത് ചടങ്ങ് പൂര്‍ത്തിയാകല്‍ മാത്രം.

ചഹാറും ഷമിയും 20ഉം 25ഉം റണ്‍സ് മാത്രംവിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍. പത്ത് റണ്‍സിലേറെ ഓരോ ഓവറിലും വിട്ടുകൊടുത്താണ് ഭുവിയും കുല്‍ദീപും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തിയത്.

നേരത്തെ മുംബൈ ബോയ് രോഹിത് ശര്‍മ്മയും കെ.എല്‍ രാഹുലും തകര്‍ത്തടിച്ചപ്പോള്‍ ആദ്യ വിക്കറ്റില്‍ ഇന്ത്യ നേടിയത് 135 റണ്‍സായിരുന്നു. 34 പന്തില്‍ ആറ് ഫോറും അഞ്ച് സിക്‌സറും പറത്തി അതിവേഗം മുന്നോട്ട് പോയ രോഹിത് ശര്‍മ്മയെ(71) കെസ്‌റിക് വില്യംസാണ് വാല്‍ഷിന്റെ കൈകളിലെത്തിച്ചത്. മൂന്നാമനായിറങ്ങിയ പന്ത് വന്നപോലെ പോയി.

രോഹിത് പുറത്തായതിന്റെ ആശ്വാസം ഒരു തരിപോലും നല്‍കാന്‍ പിന്നീടെത്തിയ കോലി വിന്‍ഡീസ് ബൗളര്‍മാരെ സമ്മതിച്ചില്ല. ഹെവി ബാറ്റിംങ് വൈബിലായിരുന്ന കോലി തുടരെ ബൗണ്ടറികള്‍ പായിച്ചു. 21 പന്തില്‍ നിന്നായിരുന്നു കോലിയുടെ അര്‍ധ സെഞ്ചുറി. ഇന്ത്യയുടെ ഇന്നിംങ്‌സ് പൂര്‍ത്തിയായപ്പോഴും ഒരറ്റത്ത് കോലി(70) പുറത്താകാതെ നില്‍ക്കുന്നുണ്ടായിരുന്നു. നാല് ഫോറും എണ്ണം പറഞ്ഞ ഏഴ് സിക്‌സറുമാണ് വാങ്കഡെയില്‍ കോലി പറത്തിയത്.

പല ടി20 മത്സരങ്ങളിലും മികച്ച തുടക്കം കിട്ടിയിട്ടും 30കളിലും 40കളിലും പുറത്തായതിന്റെ നിരാശ തീര്‍ക്കുന്ന പ്രകടനമായിരുന്നു കെ.എല്‍ രാഹുലിന്റേത്. താളം കണ്ടെത്തിയ ശേഷം രാഹുലിന്റെ ബാറ്റില്‍ നിന്നും പന്ത് മൈതാനത്തിന്റെ നാലു വശത്തേക്കും പറന്നു. അവസാന ഓവറില്‍ സെഞ്ചുറിക്ക് ഒമ്പത് റണ്‍സ് മുമ്പ് പുറത്താകുമ്പോഴേക്കും രാഹുല്‍ ഒമ്പത് ഫോറും നാല് സിക്‌സറും നേടിയിരുന്നു. 20 ഓവര്‍ എണ്ണി തീര്‍ന്നപ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍ എന്ന കൂറ്റന്‍ സ്കോറിലെത്തി.

വിന്‍ഡീസിനായി കോര്‍ട്ടനെല്ലും പൊള്ളാര്‍ഡും വില്യംസും ഓരോ വിക്കറ്റ് വീഴ്ത്തി.