India National

പൗരത്വ ഭേദഗതി; പ്രതിഷേധിച്ച് ഐ.പി.എസ് ഓഫീസര്‍ രാജിവെച്ചു

രാജ്യസഭ പാസാക്കിയ പൗരത്വ ഭേദഗതി ബില്ലില്‍ പ്രതിഷേധിച്ച് മഹാരാഷ്ട്രയിലെ ഐ.പി.എഫ് ഓഫീസര്‍ രാജിവെച്ചു. “വര്‍ഗീയവും ഭരണഘടനാവിരുദ്ധവുമായ” പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധമായാണ് സേവനത്തിൽ നിന്ന് രാജിവയ്ക്കാനുള്ള തീരുമാനമെന്ന് ഐ.പി.എസ് ഓഫീസര്‍ അബ്ദുര്‍ റഹ്മാന്‍ പറഞ്ഞു.

മുംബൈയിൽ പ്രത്യേക ഐ.ജി.പിയായി നിയമിതനായ അബ്ദുർ റഹ്മാൻ വ്യാഴാഴ്ച മുതൽ താൻ ഓഫീസിൽ ഉണ്ടാകില്ലെന്ന് അറിയിച്ചിട്ടുണ്ട്. ലോക്‌സഭ തിങ്കളാഴ്ച പാസാക്കിയ ബില്ലിന് രാജ്യസഭ ബുധനാഴ്ചയാണ് അംഗീകാരം നൽകിയത്. മുംബൈയിലെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിൽ പ്രത്യേക ഐ.ജി.പിയായി നിയമിതനായ ഐ.പി.എസ് ഉദ്യോഗസ്ഥനാണ് അബ്ദുര്‍ റഹ്മാന്‍. “പൗരത്വ ഭേദഗതി ബിൽ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമാണ്. ഈ ബില്ലിനെ ഞാൻ അപലപിക്കുന്നു. നിസഹകരണത്തിന്റെ ഭാഗമായി നാളെ മുതൽ ഓഫീസിൽ പോകേണ്ടെന്ന് ഞാൻ തീരുമാനിച്ചു. ഒടുവിൽ ഞാൻ സര്‍വീസില്‍ നിന്ന് രാജിക്കാനും തീരുമാനിച്ചിരിക്കുകയാണ്.” അബ്ദുര്‍ റഹ്മാന്‍ ട്വീറ്റിലൂടെ പറഞ്ഞു. “ഈ ബിൽ ഇന്ത്യയുടെ മതപരമായ ബഹുസ്വരതയ്ക്ക് വിരുദ്ധമാണ്. ജനാധിപത്യപരമായ രീതിയിൽ ബില്ലിനെ എതിർക്കാൻ എല്ലാവരോടും ഞാൻ അഭ്യർഥിക്കുന്നു. ഇത് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് ഘടകവിരുദ്ധമാണ്.” അബ്ദുര്‍ റഹ്മാന്‍ മറ്റൊരു ട്വീറ്റില്‍ പറഞ്ഞു.

ബിൽ പാസാക്കുന്ന സമയത്ത് തെറ്റായ വസ്തുതകളും തെറ്റിദ്ധാരണാജനകമായ വിവരങ്ങളും യുക്തിയുമാണ് ആഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിച്ചത്. ചരിത്രത്തെ വളച്ചൊടിച്ചു. മുസ്‍ലിംകളിൽ ഭയം ജനിപ്പിക്കുകയും രാഷ്ട്രത്തെ ഭിന്നിപ്പിക്കുകയും ചെയ്യുക എന്നതാണ് ബില്ലിന് പിന്നിലെ ആശയം. ബിൽ ഭരണഘടനയുടെ 14 ാം അനുഛേദം ലംഘിക്കുന്നതായും അതിന്റെ അടിസ്ഥാന സവിശേഷതയ്ക്ക് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. മതത്തിന്റെ അടിസ്ഥാനത്തിൽ വ്യക്തികളോട് വിവേചനം കാണിക്കുന്നതാണ് ഈ ബില്‍. ഇന്ത്യയിലെ 200 ദശലക്ഷം മുസ്‌ലിംകളെ നരകതുല്യമായ അവസ്ഥയിലേക്ക് തള്ളിവിടുന്നതാണ് നടപടിയെന്നും അദ്ദേഹം വിമര്‍ശിച്ചു.