Cricket Sports

ബുംറയുടെ ആക്ഷന്‍ നിയമപരമോ? വിമര്‍ശകരുടെ വായടപ്പിച്ച് ഗവാസ്‌കര്‍

ടെസ്റ്റ് ക്രിക്കറ്റില്‍ ഹാട്രിക്ക് നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ ബൗളറായി മിനുറ്റുകള്‍ക്കകമാണ് ആ വിവാദം ആരംഭിച്ചത്. മുന്‍ വെസ്റ്റ് ഇന്‍ഡീസ് പേസ് ബൗളറും കമന്റേറ്ററുമായ ഇയാന്‍ ബിഷപായിരുന്നു ബുംറയുടെ ആക്ഷന്‍ സംബന്ധിച്ച ആദ്യ വെടിപൊട്ടിച്ചത്. എന്നാല്‍ അപ്പോള്‍ തന്നെ കമന്ററി ബോക്‌സിലുണ്ടായിരുന്ന ഇന്ത്യയുടെ ബാറ്റിംങ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍ കുറിക്കുകൊള്ളുന്ന മറുപടിയും നല്‍കി.

‘ജസ്പ്രീത് ബുറയെ പോലൊരു ബൗളറുടെ ആക്ഷനില്‍ ചിലര്‍ സംശയം പ്രകടിപ്പിക്കുന്നു, അത് എനിക്ക് വിശ്വസിക്കാന്‍ പോലും സാധിക്കുന്നില്ല. ബുംറയുടെ ആക്ഷന്‍ തികച്ചും വ്യത്യസ്ഥമാണ്. സമ്മതിക്കുന്നു. എന്നാല്‍ ക്രിക്കറ്റിലെ നിയമങ്ങള്‍ക്കനുസരിച്ചാണ് ബുംറ എറിയുന്നത്. എന്റെ അഭിപ്രായത്തില്‍ ഏറ്റവും ക്ലീനായ ആക്ഷനുകളിലൊന്ന്. വിമര്‍ശിക്കുന്നവര്‍ കണ്ണാടിയിലേക്കാണ് നോക്കേണ്ടത്’ എന്നായിരുന്നു ഇയാന്‍ ബിഷപിന്റെ വാക്കുകള്‍.

ഒരു പടികൂടി കടന്നതായിരുന്നു ഗവാസ്‌കറിന്റെ പ്രതികരണം. ആരാണ് ബുംറയുടെ ആക്ഷനെക്കുറിച്ച് സംശയം പ്രകടിപ്പിച്ചത്. അവരുടെ പേര് പറയാമോ എന്നായിരുന്നു ക്ഷുഭിതനായ ഗവാസ്‌കറുടെ ചോദ്യം. സുനില്‍ ഗവാസ്‌കര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടെങ്കിലും ബുംറയുടെ ആക്ഷനെതിരെ ആരോപണം ഉന്നയിച്ചവരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ ഇയാന്‍ ബിഷപ്പ് തയ്യാറായില്ല.

‘അദ്ദേഹത്തിന്റെ ആക്ഷന്‍ സൂക്ഷ്മമായി പരിശോധിക്കാം. കുറച്ച് കാലടി കൊണ്ട് തന്നെ അദ്ദേഹം സ്വന്തം വേഗത കണ്ടെത്തുകയും അവസാനത്തില്‍ പന്ത് റിലീസ് ചെയ്യുകയും ചെയ്യുന്നു. ഇതിനിടെ എവിടെയാണ് ബുംറ കൈ മടക്കുന്നത്? ബുംറയുടെ ആക്ഷന്‍ നൂറുശതമാനവും കൃത്യമാണ്’ ഗവാസ്‌കര്‍ പറഞ്ഞു.

ഹാട്രിക്കിന് പുറമേ മൂന്ന് വിക്കറ്റ് കൂടി വീഴ്ത്തിയ ബുംറ 9.1 ഓവറില്‍ 6ന്16 എന്ന നിലയിലാണ് ദിവസത്തെ കളി അവസാനിപ്പിച്ചത്.