ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് ടി20 പരമ്പരക്ക് നാളെ ഹൈദരാബാദില്‍ തുടക്കം. നാളെ രാത്രി ഏഴിനാണ് മൂന്നു മത്സര ടി20 പരമ്പരയിലെ ആദ്യ മത്സരം ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ആരംഭിക്കുക. എട്ടിന് കാര്യവട്ടത്താണ് രണ്ടാം ടി20 മത്സരം.
ക്രിസ് ഗെയില്‍ ഇല്ലാത്ത വെസ്റ്റ് ഇന്‍ഡീസ് ടീമിനെ കീറണ്‍ പൊള്ളാര്‍ഡാണ് നയിക്കുക. തങ്ങളുടെ വില കുറച്ചു കണ്ടാല്‍ ഇന്ത്യക്ക് തിരിച്ചടി ലഭിക്കുമെന്നാണ് മത്സരത്തിന് മുമ്പ് പൊള്ളാര്‍ഡ് പറഞ്ഞത്. നിലവിലെ ടി20 ലോകചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസിന്റെ പക്കല്‍ കളി തിരിക്കാന്‍ പോന്ന ഒരുപിടി താരങ്ങളുണ്ട്. ഐ.പി.എല്ലില്‍ കളിച്ചുള്ള പരിചയവും ഇന്ത്യയില്‍ ടി20 കളിക്കുമ്പോള്‍ വിന്‍ഡീസ് താരങ്ങള്‍ക്ക് മുതല്‍ക്കൂട്ടാവും.
ബംഗ്ലാദേശിനെതിരായ ടി20യില്‍ വിശ്രമത്തിലായിരുന്ന കോഹ്ലി തിരിച്ചെത്തിയതോടെ ഇന്ത്യയുടെ ടീം കൂടുതല്‍ ശക്തമായി. മത്സരത്തിന് മുന്നോടിയായി ഹൈദരാബാദിലെത്തിയ ടീം ബുധനാഴ്ച്ച പരിശീലനം ആരംഭിക്കുകയും ചെയ്തു. പതിവില്ലാത്തവിധം കരുത്തുറ്റ പേസ് നിരയാണ് ഇന്ത്യയുടെ ശക്തി. ടീമിലെത്തിയ മലയാളി താരം സഞ്ജു സാംസണ് കളിക്കാന്‍ അവസരം ലഭിക്കാനും സാധ്യതയുണ്ട്.
തിങ്കളാഴ്ച്ച ഹൈദരാബാദില്‍ പെയ്ത മഴ ആശങ്ക കൂട്ടിയിരുന്നു. നേരത്തെ 2017 ഒക്ടോബറില്‍ അവസാനമായി ഇന്ത്യയും ആസ്ട്രേലിയയും തമ്മിലുള്ള ടി20 മഴമൂലം റദ്ദാക്കേണ്ടി വന്നതാണ്. എന്നാല്‍ അടുത്തദിവസം മഴക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥാ റിപ്പോര്‍ട്ട് ആശ്വാസമാണ്.
എട്ടിന് കാര്യവട്ടത്തും 11ന് മുംബൈയിലുമാണ് ടി20 പരമ്പരയിലെ മറ്റു മത്സരങ്ങള്‍. മൂന്നുമത്സര ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഡിസംബര്‍ 15ന് ചെന്നൈയിലാണ്. വിശാഖപട്ടണം(ഡിസംബര്‍ 18), കട്ടക്ക്(ഡിസംബര്‍ 22) എന്നിവയാണ് മറ്റുവേദികള്‍.