Cricket Sports

മായങ്ക് അഗര്‍വാളിന് സെഞ്ച്വറി; ഇന്ത്യ മികച്ച സ്‌കോറിലേക്ക്

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റില്‍ തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറിയുമായി മായങ്ക് അഗര്‍വാള്‍. 183 പന്തില്‍ 16 ഫോറും രണ്ടു സിക്‌സും ഉള്‍പ്പെടെയാണ് അഗര്‍വാള്‍ ടെസ്റ്റിലെ രണ്ടാം സെഞ്ചുറി കുറിച്ചത്. 195 പന്തില്‍ 16 ഫോറും രണ്ടു സിക്‌സും സഹിതം 108 റണ്‍സെടുത്ത അഗര്‍വാളിനെ കഗീസോ റബാദ പുറത്താക്കി. ചേതേശ്വര്‍ പൂജാര (58), ഓപ്പണര്‍ രോഹിത് ശര്‍മ (14) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍. 62 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. ക്യാപ്റ്റന്‍ വിരാട് കോഹ്‍ലി 24 റണ്‍സോടെയും വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ അഞ്ച് റണ്‍സുമായി ക്രീസിലുണ്ട്.

വീരേന്ദര്‍ സേവാഗിനു ശേഷം ദക്ഷിണാഫ്രിക്കയ്‌ക്കെ തിരെ തുടര്‍ച്ചയായി രണ്ട് മത്സരങ്ങളില്‍ സെഞ്ചുറി നേടുന്ന ആദ്യത്തെ ഇന്ത്യന്‍ ഓപ്പണറാണ് മായങ്ക് അഗര്‍വാള്‍.

നേരത്തെ, ആദ്യ ടെസ്റ്റില്‍ കളിച്ച ടീമില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഓരോ മാറ്റം വരുത്തി. ഇന്ത്യന്‍ നിരയില്‍ ഹനുമ വിഹാരിക്കു പകരം ഉമേഷ് യാദവ് ഇടംപിടിച്ചു. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ഡെയ്ന്‍ പീറ്റിനു പകരം ആന്റിച് നോര്‍ജെയും കളിക്കാനിറങ്ങി. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ടെസ്റ്റ് ജയിച്ച ഇന്ത്യ പരമ്പരയില്‍ 1–0ന് മുന്നിലാണ്.