ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് 249 റണ്‍സ് ലീഡ്. ഇംഗ്ലണ്ടിനെ 134 റണ്‍സിന് ഓള് ഔട്ട് ആക്കിയ ഇന്ത്യ രണ്ടാം ദിനം പൂര്‍ത്തിയാക്കുമ്പോള്‍ 54ന് ഒന്ന് എന്ന നിലയിലാണ്. 25 റണ്‍സെടുത്ത് രോഹിത് ശര്‍മയും ഏഴ് റണ്‍സുമായി ചേതേശ്വര്‍ പൂജാരയും പുറത്താകാതെ നില്ക്കുന്നു. 14 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഗില്ലിനെ ജാക്ക് ലീച്ചാണ് വിക്കറ്റിന് മുന്നില്‍ കുടുക്കിയത്.
നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 329 റൺസ് പിന്തുടർന്ന ഇംഗ്ലണ്ട് 134 റൺസിന് പുറത്തായിരുന്നു. അഞ്ചു വിക്കറ്റ് വീഴ്ത്തിയ അശ്വിനാണ് ഇംഗ്ലണ്ടിനെ കറക്കി വീഴ്ത്തിയത്. സന്ദർശക നിരയിൽ ഒരാൾക്കു പോലും അർധ സെഞ്ച്വറി നേടാനായില്ല. 42 റൺസെടുത്ത ബെൻഫോക്സ് ആണ് ഇംഗ്ലണ്ട് ടോപ് സ്കോറർ.
സ്കോർബോർഡ് തുറക്കും മുമ്പ് ആദ്യ വിക്കറ്റ് നഷ്ടമായ ഇംഗ്ലണ്ടിന് കളിയുടെ ഒരു ഘട്ടത്തിൽ പോലും മേൽ മേൽക്കൈ നേടാനായില്ല. ഇഷാന്ത് ശർമ്മയാണ് ഓപണർ റോറി ബേൺസിനെ പൂജ്യത്തിന് പുറത്താക്കിയത്. സ്കോർ 16ൽ നിൽക്കെ സഹഓപണർ ഡോം സിബ്ലിയും വീണു. അശ്വിന്റെ പന്തിൽ ക്യാപറ്റൻ കോലിക്ക് ക്യാച്ച് നല്‍കിയായിരുന്നു സിബ്ലിയുടെ മടക്കം. 16 റൺസായിരുന്നു സിബ്ലിയുടെ സമ്പാദ്യം.
വൺഡൗൺ ആയെത്തിയ ഡാൻ ലോറൻസിനെയും (9) അശ്വിൻ മടക്കി. ശുഭ്മാൻ ഗില്ലിന് ക്യാച്ച്. കഴിഞ്ഞ കളിയിൽ തകർപ്പൻ സെഞ്ച്വറി നേടി കളം നിറഞ്ഞ ക്യാപ്റ്റൻ ജോ റൂട്ടിന് ഇത്തവണ ശോഭിക്കാനായില്ല. 12 പന്തിൽ നിന്ന് ആറു റൺസെടുത്ത റൂട്ട് അക്സൽ പട്ടേലിന്റെ പന്തിൽ അശ്വിന് പിടികൊടുത്തു. പിന്നീടെത്തിയ പരിചയസമ്പന്നനായ ബെൻ സ്റ്റോക്സിനെ (18) അശ്വിൻ ബൗൾഡാക്കി.