ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യൻ ബൗളർമാർ ഫോമിലേക്ക്. ഇംഗ്ലണ്ട് ആദ്യ ഇന്നിങ്സിൽ 183ന് എല്ലാവരും പുറത്ത്. 64 റൺസ് നേടിയ നായകൻ ജോ റൂട്ട് ആണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. ബാക്കിയുള്ളവർക്കൊന്നും കാര്യമായ സംഭാവന നൽകാനായില്ല. സാക് ക്രൗളി, സാം കറൺ എന്നിവർ 27 റൺസെടുത്തു. 29 റൺസെടുത്ത ജോണി ബെയര്‍സ്റ്റോയാണ് മറ്റൊരു സ്കോറർ.
പിച്ച് മനസിലാക്കിയുള്ള നീക്കങ്ങളായിരുന്നു ഇന്ത്യയുടെത്. ഫോമിലുള്ള രവിചന്ദ്ര അശ്വിനെ പുറത്തിരുത്തി പേസർമാർക്ക് അവസരം കൊടുത്തായിരുന്നു ഇന്ത്യ അന്തിമ ഇലവനെ പ്രഖ്യാപിച്ചത് തന്നെ. അതിന്റെ ഫലം ലഭിക്കുകയും ചെയ്തു. ഇംഗ്ലണ്ടിന്റ സ്കോർബോർഡ് തുറക്കും മുമ്പെ ആദ്യ വിക്കറ്റ് നൽകി ബുംറ. റോർറി ബേൺസിനെ വിക്കറ്റിന് മുന്നിൽ കുരുക്കിയായിരുന്നു തുടക്കം. പിന്നീട് കൃത്യമായ ഇടവേളകളിൽ ഇംഗ്ലണ്ടിന്റെ വിക്കറ്റ് വീണു.
ജോ റൂട്ട് സ്കോർബോർഡ് ഉയർത്താൻ ശ്രമിച്ചെങ്കിലും ഇന്ത്യൻ ബൗളർമാരുടെ കൃത്യതക്ക് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. ലഞ്ചിന് ശേഷം ഒന്നിന് പിറകെ ഒന്നായി ഇംഗ്ലണ്ട് ബാറ്റ്സ്മാന്മാർ കൂടാരം കയറുകയായിരുന്നു.നാല് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയുടെ പ്രകടനമാണ് ഇന്ത്യയുടെ രക്ഷക്കെത്തിയത്. മുഹമ്മദ് ഷമി മൂന്നും ശർദുൽ താക്കൂർ രണ്ട് വിക്കറ്റും വീഴ്ത്തി.മുഹമ്മദ് ഷമി മൂന്നും ശർദുൽ താക്കൂർ രണ്ട് വിക്കറ്റും വീഴ്ത്തി.