ആസ്ട്രേലിയക്കെതിരായ രണ്ടാം മത്സരത്തിലും തോല്‍വി ഏറ്റുവാങ്ങി ടീം ഇന്ത്യ. ഇതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര അനായാസം ഓസീസ് കൈപ്പിടിയിലൊതുക്കി. 390 എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്‍തുടര്‍ന്ന ഇന്ത്യ 50 ഓവറില്‍ 338 റണ്‍സിന് ഒമ്പത് എന്ന നിലയില്‍ അവസാനിപ്പിക്കുകയായിരുന്നു. വിരാട് കോഹ്‍ലി(89), കെ.എല്‍ രാഹുല്‍(76) എന്നിവര്‍ അര്‍ദ്ദ സെഞ്ച്വറി നേടി.
മായങ്ക് അഗര്‍വാളും ശിഖര്‍ ധവാനും ഭേദപ്പെട്ട തുടക്കം നല്‍കിയെങ്കിലും അത് മികച്ചതാക്കും മുമ്പേ ഇരുവരും പവലിയണിലേക്ക് മടങ്ങി. പിന്നീട് കോഹ്‍ലിയുടെയും ശ്രേയസ് അയ്യരുടെയും ചെറുത്തുനില്‍പ്പായിരുന്നു. അവിടെയാണ് ഓസീസ് ബൌളര്‍മാരുടെ കരുത്ത്. കൃത്യമായ ഇടവേളകളില്‍ അപകടകരമായി വളരുന്ന കൂട്ടുകെട്ടുകളെ അവര്‍ നിരന്തരം ഇല്ലാതാക്കി. 38 റണ്‍സെടുത്ത ശ്രേയസ് അയ്യരെ ഹെന്‍റിക്സ് പുറത്താക്കി. പിന്നീട് കോഹ്‍ലി രാഹുലിനൊപ്പം മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ ശ്രമിച്ചു. കോഹ്‍ലിയെ ഹേസല്‍വുഡ് പുറത്താക്കി. പിന്നീട് പാണ്ഡ്യയും രാഹുലും നിലയുറപ്പിക്കുമ്പോഴേക്കും രാഹുലും കൂടാരം കയറി. പലപ്പൊഴും ഈ വിക്കറ്റ് വീഴ്ച റണ്‍റേറ്റ് ഉയര്‍ത്തുന്നതില്‍ നിന്ന് ഇന്ത്യയെ തടഞ്ഞു നിര്‍ത്തി. നാല്‍പത്തിയഞ്ചാം ഓവറില്‍ പ്രതീക്ഷ നല്‍കി ജഡേജയുടെ കൂറ്റന്‍ അടികള്‍. പക്ഷെ, അടുത്ത ഓവറില്‍ തന്നെ പാണ്ഡ്യയും ജഡേജയും പുറത്ത്. അവസാനം സ്കോര്‍ എത്തിച്ചുകൊണ്ട് ഇന്ത്യ തോല്‍വി സമ്മതിച്ചു.
ആസ്ട്രേലിയക്കായി പാറ്റ് കമ്മിന്‍സ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ഹേസല്‍വുഡ്, ആദം സാംപ എന്നിവര്‍ രണ്ടും ഹെന്‍റിക്സ്, ഗ്ലെന്‍ മാക്സ്വെല്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. തുടരെ രണ്ടാം മത്സരത്തിലും സെഞ്ച്വറി തികച്ച സ്റ്റീവ് സ്മിത്തിന്‍റെ മനോഹര ബാറ്റിങ്ങും മികച്ച ബൌളിങ്ങും കൂടിയായപ്പോള്‍ ആസ്ട്രേലിയ 51 റണ്‍സിന്‍റെ ആധികാരിക വിജയം നേടുകയായിരുന്നു.
ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ആസ്ട്രേലിയ നിശ്ചിത 50 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 389 റണ്‍സാണ് അടിച്ചുകൂട്ടിയത്. തുടർച്ചയായ രണ്ടാം മത്സരത്തിലും 62 പന്തിൽനിന്ന് സെഞ്ചുറി തികച്ച സ്മിത്തിന്റെ മികവിലാണ് ആസ്ട്രേലിയ മികച്ച സ്കോര്‍ പടുത്തുയര്‍ത്തിയത്.
അര്‍ധ സെഞ്ചുറി നേടിയ ഡേവിഡ് വാര്‍ണര്‍, ആരോണ്‍ ഫിഞ്ച്, മാര്‍നസ് ലബുഷെയ്ന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവരുടെ ഇന്നിങ്‌സുകളും ഓസീസിന് അനായാസേന 390 കൈപിടിയിലാക്കാനായി. ഇന്ത്യൻ നിരയിൽ ബോൾ ചെയ്ത ഏഴു പേരും ഓവറിൽ ശരാശരി ആറു റൺസിനു മുകളിൽ വഴങ്ങിയതും ഇന്ത്യയെ കൂടുതല്‍ പരിക്കേല്‍പ്പിച്ചു. ജസ്പ്രീത് ബുമ്ര 10 ഓവറിൽ 79 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്തു. ഹാർദിക് പാണ്ഡ്യ നാല് ഓവറിൽ 24 റൺസ് വഴങ്ങിയും മുഹമ്മദ് ഷമി ഒൻപത് ഓവറിൽ 73 റൺസ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്ത്തി.
നവ്ദീപ് സെയ്നി ഏഴ് ഓവറിൽ 70 റൺസും യുസ്‌വേന്ദ്ര ചെഹൽ ഒൻപത് ഓവറിൽ 71 റൺസും വഴങ്ങി. രവീന്ദ്ര ജഡേജ 10 ഓവറിൽ 60 റൺസ് വഴങ്ങിയപ്പോൾ, ഒരു ഓവർ ബോൾ ചെയ്ത മായങ്ക് അഗർവാൾ 10 റൺസ് വിട്ടുകൊടുത്തു.