Cricket

ഇന്ത്യ സിംബാബ്‌വെ ആദ്യ ഏകദിനം ഇന്ന്

ഇന്ത്യ-സിംബാബ്‍വെ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം. മുതിർന്ന താരങ്ങളും പരിശീലകനുമില്ലാതെയാണ് ആദ്യ മത്സരത്തിൽ ഇന്ത്യ ഇറങ്ങുക. നായകൻ കെ.എൽ രാഹുലിനും യുവനിരക്കും പരമ്പര നിർണായകമാണ്. ഹരാരെ സ്പോർട്സ് ക്ലബിൽ ഉച്ചയ്ക്ക് 12.45 ആണ് മത്സരം.

രാഹുല്‍ ദ്രാവിഡിന് വിശ്രമം നല്‍കിയതിനാല്‍ സിംബാബ്‌വെയില്‍ ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കുക ദേശീയ ക്രിക്കറ്റ് അക്കാദമി തലവന്‍ വി.വി.എസ് ലക്ഷ്‌മണാണ്. കെ.എൽ രാഹുൽ നയിക്കുന്ന സംഘത്തിൽ മലയാളി താരം സഞ്ജു സാംസണും ഉണ്ട്. ശിഖര്‍ ധവാനാണ് വൈസ് ക്യാപ്റ്റന്‍. ആദ്യ ഇലവനിൽ ഇറക്കാൻ പ്രാപ്തരായ ഇരട്ടിപേർ ഊഴം കാത്തുനിൽക്കുമ്പോൾ, ട്വൻറി20 ലോകകപ്പിലടക്കം അവസരം കിട്ടണമെങ്കിൽ പരമ്പരയിലെ പ്രകടനം നിർണായകമാണ്.

അടുത്തിടെ സ്വന്തം തട്ടകത്തിൽ നടന്ന ടി20, ഏകദിന പരമ്പരയിൽ ബംഗ്ലാദേശിനെ സിംബാബ്‌വെ തോൽപിച്ചിരുന്നു. സിക്കന്ദർ റാസയാണ് പരമ്പരയിൽ മികച്ച പ്രകടനം നടത്തിയത്. ആദ്യ ടി20 17 റൺസിനും മൂന്നാം മത്സരം 10 റൺസിനും സിംബാബ്‌വെ വിജയിച്ചു. രണ്ടാം മത്സരത്തിൽ 7 വിക്കറ്റിന് പരാജയപ്പെട്ടു. ഏകദിന പരമ്പരയിൽ ആദ്യ രണ്ട് മത്സരങ്ങളും 5 വിക്കറ്റിന് ജയിച്ച സിംബാബ്‌വെ, അവസാന മത്സരം 105 റൺസിന് തോറ്റു.

ഇന്ത്യ-സിംബാബ്‍വെ പരമ്പരയില്‍ മൂന്ന് മത്സരങ്ങളാണുള്ളത്. 20, 22 തീയതികളിൽ യഥാക്രമം 2, 3 ഏകദിനങ്ങൾ നടക്കും. ഹരാരെയിലെ ഹരാരെ സ്‌പോർട്‌സ് ക്ലബ്ബിലാണ് എല്ലാ മത്സരങ്ങളും നടക്കുക. ഇരുടീമും 63 ഏകദിനങ്ങളിൽ ഏറ്റുമുട്ടിയപ്പോൾ 51ലും ജയം ഇന്ത്യക്കായിരുന്നു. രണ്ട് മത്സരങ്ങൾ സമനിലയായതൊഴിച്ച് ബാക്കിയേ സിംബാബ്‌വെയുടെ അക്കൗണ്ടിൽവരുന്നുള്ളൂ. സിംബാബ്‌വെ ക്രിക്കറ്റിനെ സംബന്ധിച്ച് ഇന്ത്യയുമായി നടക്കുന്ന പരമ്പര വലിയ വരുമാനമാർഗം കൂടിയാണ്.