വെസ്റ്റിൻഡീസിനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് 119 റൺസിന്റെ ജയം. ഇതോടെ വിന്‍ഡീസിനെതിരായ പരമ്പര ഇന്ത്യ തൂത്തുവാരി (3-0). മഴ കാരണം ഓവറുകള്‍ വെട്ടിച്ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സാണ് 36 ഓവറില്‍ നേടിയത്. ഡക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിന്‍ഡീസിന്റെ വിജയലക്ഷ്യം 35 ഓവറില്‍ 257 ആയി പുനഃനിശ്ചയിക്കുകയായിരുന്നു. 26 ഓവര്‍ മാത്രം ബാറ്റ് ചെയ്ത വിന്‍ഡീസ് 137 റണ്‍സിന് എല്ലാവരും പുറത്തായി.
മഴ ബാധിച്ച അവസാന ഏകദിനത്തിൽ, ഗില്ലിന്റെ കരിയറിലെ ഏറ്റവും മികച്ച ബാറ്റിംഗും ക്യാപ്റ്റൻ ശിഖർ ധവാന്റെ (74 പന്തിൽ 58) മറ്റൊരു അർധസെഞ്ചുറിയും മൂലം ഇന്ത്യ 36 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 225 റൺസെടുത്തു. ശുഭ്മാന്‍ ഗില്‍ പ്ലെയര്‍ ഓഫ് ദി മാച്ച്, പ്ലെയര്‍ ഓഫ് ദി സീരിസ് പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി.
ഇന്ത്യക്ക് വേണ്ടി ഓപ്പണര്‍മാരായ നായകന്‍ ശിഖര്‍ ധവാന്‍ 58(74), യുവതാരം ശുഭ്മാന്‍ ഗില്‍ പുറത്താകാതെ 98(98) എന്നിവര്‍ തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 113 റണ്‍സാണ് സഖ്യം സംഭാവന ചെയ്തത്. ശ്രേയസ് അയ്യര്‍ 44(34), സൂര്യകുമാര്‍ യാദവ് 8(6) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റര്‍മാര്‍. ഗില്ലിനൊപ്പം മലയാളി താരം സഞ്ജു സാംസണ്‍ 6(8) പുറത്താകാതെ നിന്നു.
വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ വിന്‍ഡീസിനെ രണ്ടാം ഓവറില്‍ തന്നെ മുഹമ്മദ് സിറാജ് ഞെട്ടിച്ചു. കൈല്‍ മേയേഴ്സ് 0(1), ഷമാറ ബ്രൂക്സ് 0(2) എന്നിവരെ പുറത്താക്കി സ്‌കോര്‍ബോര്‍ഡില്‍ ഒരു റണ്‍സ് പോലും ആകുന്നതിന് മുന്‍പ് രണ്ട് വിക്കറ്റാണ് താരം വീഴ്ത്തിയത്. പിന്നീട് ക്രീസില്‍ ഒരുമിച്ച ബ്രാന്‍ഡണ്‍ കിംഗ് 42(37), ഷായ് ഹോപ്പ് 22(33) എന്നിവര്‍ തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് ടീമിനെ കരകയറ്റിയെങ്കിലും സ്‌കോര്‍ 47ല്‍ നില്‍ക്കെ ചാഹലിന്റെ പന്തില്‍ സഞ്ജു സ്റ്റംപ് ചെയ്ത് ഹോപ്പിനെ മടക്കി. അക്സര്‍ പട്ടേല്‍ കിങ്ങിനെ ക്ലീന്‍ ബൗള്‍ഡാക്കിയതോടെ വിന്‍ഡീസിന്റെ അടി തെറ്റുന്ന കാഴ്ചയാണുണ്ടായത്. ക്യാപ്റ്റന്‍ നിക്കോളാസ് പൂരാന്‍ 42(32) മാത്രമാണ് പിന്നീട് പിടിച്ച് നിന്ന ഏക ബാറ്റര്‍.