Cricket Sports

ഇന്ത്യ- ശ്രീലങ്ക ടി-20 പരമ്പരയ്ക്ക് ഇന്ന് തുടക്കം

ഇന്ത്യ-ശ്രീലങ്ക ടി-20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. ലക്നൗവിലെ അടൽ ബിഹാരി വാജ്പേയ് സ്റ്റേഡിയത്തിൽ രാത്രി ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുക. മുഴുവൻ സമയ ക്യാപ്റ്റനായതിനു ശേഷം നയിച്ച എല്ലാ മത്സരങ്ങളിലും വിജയിച്ച രോഹിത് റെക്കോർഡ് തുടരാനുള്ള ശ്രമത്തിലാണ്. പല മുതിർന്ന താരങ്ങളും ഇന്ത്യൻ ടീമിൽ ഇല്ലെങ്കിലും മികച്ച യുവതാരങ്ങൾ ടീമിൽ ഇടംപിടിച്ചിട്ടുണ്ട്. (india srilanka t20 today)

ഇന്ത്യൻ ടീമിലേക്ക് മലയാളി താരം സഞ്ജു സാംസണിൻ്റെ തിരിച്ചുവരവാണ് ഏറെ ശ്രദ്ധേയം. ഐപിഎലിൽ തകർപ്പൻ പ്രകടനം നടത്തുമ്പോഴും രാജ്യാന്തര മത്സരങ്ങളിൽ ആ മികവ് പുലർത്താൻ കഴിയാത്ത മലയാളി താരത്തിൻ്റെ കരിയറിൽ ഏറെ സുപ്രധാനമായ പരമ്പരയാണ് ഇത്. താരത്തെ പ്രകീർത്തിച്ച് കഴിഞ്ഞ ദിവസം ഇന്ത്യൻ നായകൻ രോഹിത് ശർമ്മ രംഗത്തെത്തിയിരുന്നു. ഓസ്ട്രേലിയയിൽ ഇക്കൊല്ലം നടക്കുന്ന ടി-20 ലോകകപ്പിൽ താരത്തെ പരിഗണിക്കുന്നുണ്ടെന്നും രോഹിത് പറഞ്ഞു. അതുകൊണ്ട് തന്നെ സഞ്ജു മൂന്ന് മത്സരങ്ങളും കളിച്ചേക്കും.