Cricket Sports

ബംഗളൂരുവില്‍ ഏഴ് വിക്കറ്റ് ജയം; ആസ്‌ട്രേലിയക്കെതിരായ പരമ്പര ഇന്ത്യക്ക്

ആസ്‌ട്രേലിയക്കെതിരായ പരമ്പര ഇന്ത്യ സ്വന്തമാക്കി. മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയില്‍ 2-1നായിരുന്നു ഇന്ത്യയുടെ ജയം. ആസ്‌ട്രേലിയ ഉയര്‍ത്തിയ 287 എന്ന വിജയലക്ഷ്യം ഇന്ത്യ 47.3 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഇന്ത്യക്കായി ഓപ്പണര്‍ രോഹിത് ശര്‍മ്മ സെഞ്ച്വറി നേടി. വിരാട് കോഹ്ലി(89) ശ്രേയസ് അയ്യര്‍(44) എന്നിവരാണ് ഇന്ത്യയുടെ ജയം എളുപ്പമാക്കിയത്. 128 പന്തില്‍ നിന്ന് 119 റണ്‍സാണ് രോഹിത് നേടിയത്. എട്ട് ഫോറും ആറ് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു രോഹിതിന്റെ ഇന്നിങ്‌സ്.

എന്നാല്‍ 91 പന്തില്‍ നിന്നാണ് നായകന്‍ വിരാട് കോഹ്ലി 89 റണ്‍സ് നേടിയത്. ആസ്‌ട്രേലിയക്കായി ജോഷ് ഹെസല്‍വുഡ്, ആഷ്ടണ്‍ ആഗര്‍, ആദം സാമ്പ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ആദ്യ മത്സരത്തില്‍ തോറ്റ ഇന്ത്യ പിന്നീടുള്ള രണ്ട് മത്സരവും വിജയിച്ചാണ് പരമ്പര നേടിയത്.

ടോസ് നേടിയ ആസ്‌ട്രേലിയ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് ആസ്ട്രേലിയ 286 റണ്‍സ് നേടിയത്. സ്റ്റീവന്‍ സ്മിത്ത്(133) സെഞ്ച്വറിയുമായി കളം നിറഞ്ഞപ്പോള്‍ കംഗാരുപ്പടയിലെ അടുത്തിടെ മികച്ച ഫോമില്‍ കളിക്കുന്ന മാര്‍നസ് ലബുഷെയിന്‍ അര്‍ദ്ധ സെഞ്ച്വറിയുമായി(54) പിന്തുണ നല്‍കി. 132 പന്തില്‍ നിന്ന് പതിനാല് ഫോറും ഒരു സിക്‌സറും അടങ്ങുന്നതായിരുന്നു സ്മിത്തിന്റെ ഇന്നിങ്‌സ്.

വിക്കറ്റ് കീപ്പര്‍ അലകസ് കാരി(35) ആരോണ്‍ ഫിഞ്ച് (19) എന്നിവരാണ് ആസ്‌ട്രേലിയയുടെ മറ്റു സ്‌കോറര്‍മാര്‍. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമി നാല് വിക്കറ്റ് വീഴ്ത്തി. രവീന്ദ്ര ജഡേജ രണ്ടും നവ്ദീപ് സെയ്‌നി, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. വിക്കറ്റൊന്നും വീഴ്ത്തായില്ലെങ്കിലും പത്ത് ഓവര്‍ എറിഞ്ഞ ബുംറ 38 റണ്‍സെ വിട്ടുകൊടുത്തുള്ളൂ.