ടി-20 ലോകകപ്പിൽ ഇന്ത്യ ഇന്ന് സ്കോട്ട്ലൻഡിനെ നേരിടും. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 7.30നാണ് മത്സരം. സെമിഫൈനൽ സാധ്യത നിലനിർത്തണമെങ്കിൽ ഇന്ത്യക്ക് ഇന്ന് ജയിച്ചേ മതിയാവൂ. അതേസമയം, സ്കോട്ട്ലൻഡ് ലോകകപ്പിൽ നിന്ന് പുറത്തായിക്കഴിഞ്ഞു. (india scotland world cup)
ടോസ് നിർണായകമാവുന്ന ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ കോലിയുടെ ടോസ് പ്രകടനം പരിഗണിച്ചാൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യേണ്ടിവന്നേക്കാം. കഴിഞ്ഞ കളിയിൽ അഫ്ഗാനിസ്ഥാനെതിരെ നടത്തിയ പോസിറ്റീവ് സമീപനം തന്നെ ഈ കളിയിലും പുറത്തെടുക്കേണ്ടതുണ്ട്. അബുദാബിയിലേതുപോലെ ബാറ്റിംഗ് ആയാസരഹിതമായ പിച്ച് അല്ലെങ്കിലും ഇന്ത്യക്ക് മുന്നിൽ അത് മാത്രമേ വഴിയുള്ളൂ. ടീമിൽ മാറ്റങ്ങളുണ്ടാവാനിടയില്ല.
രാഹുലും രോഹിതും ഫോമിലെത്തിയത് ആശ്വാസമാണ്. അതിനെക്കാളുപരി ഇരുവരും ആക്രമണോത്സുക സമീപനം കാഴ്ചവച്ചതും ഇന്ത്യക്ക് ഗുണമാണ്. ഹർദ്ദിക് ഫോമിലെത്തിയത് ഇന്ത്യക്ക് ഏറെ ആശ്വാസം പകരും. കഴിഞ്ഞ കുറേ മത്സരങ്ങളായി മോശം ഫോമിലായിരുന്ന ഹർദ്ദിക് ഫോമിലേക്ക് തിരികെ എത്തേണ്ടത് ഇന്ത്യക്ക് അത്യാവശ്യമായിരുന്നു. സഫ്യാൻ ഷരീഫ്, കെയിൽ കോട്സർ, റിച്ചി ബെരിങ്ടൺ, ജോർജ് മുൺസി, ക്രിസ് ഗ്രീവ്സ് തുടങ്ങി മികച്ച താരങ്ങൾ സ്കോട്ട്ലൻഡിനുണ്ട്. ഒരു അട്ടിമറി പ്രതീക്ഷിക്കുന്നില്ലെങ്കിൽ പോലും സ്കോട്ട്ലൻഡിനെ വിലകുറച്ച് കാണാനാവില്ല.
ഈ മത്സരത്തിലും അടുത്ത മത്സരത്തിലും ഉയർന്ന മാർജിനിൽ ജയിച്ചാലേ ഇന്ത്യക്ക് സെമിഫൈനൽ സാധ്യതയുള്ളൂ. ന്യൂസീലൻഡിനെ അഫ്ഗാനിസ്ഥാനോ നമീബിയയോ തോല്പിക്കുകയും വേണം.
ഇന്ന് ആദ്യം നടക്കുന്ന മത്സരത്തിലാണ് നമീബിയ ന്യൂസീലൻഡിനെ നേരിടുക. അട്ടിമറികളുണ്ടാവാനിടയില്ല. ന്യൂസീലൻഡ് അനായാസം വിജയിക്കാനാണ് സാധ്യത.