ഇംഗ്ലണ്ട് ആതിഥേയത്വം വഹിക്കുന്ന ഐ.സി.സി ലോകകപ്പില്‍ പാകിസ്താനെതിരെ ഇന്ത്യ കളിക്കുമോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കാതെ ബി.സി.സി.ഐ. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്നാണ് ബി.സി.സി.ഐ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ഈ വര്‍ഷം നടക്കാനിരിക്കുന്ന ക്രിക്കറ്റ് ലോകകപ്പില്‍ പാകിസ്താനെതിരെ ഇന്ത്യ കളിക്കരുതെന്ന ആവശ്യം ഉയര്‍ന്നിരുന്നു.
ബി.സി.സി.ഐ വൃത്തങ്ങള്‍ പറയുന്നതിങ്ങനെ
”ലോകകപ്പിലേക്ക് ഇനിയധികം ദൂരമില്ല. പക്ഷേ നിലവില്‍ ഒന്നും പറയാന്‍ കഴിയില്ല. കുറച്ച് കൂടി കഴിഞ്ഞാല്‍ ചിത്രം വ്യക്തമാകും. ആ സമയത്ത് പാകിസ്താനെതിരെ കളിക്കേണ്ടതില്ല എന്നാണ് സര്‍ക്കാരിന്റെ തീരുമാനമെങ്കില്‍ തീര്‍ച്ചയായും ഇന്ത്യ കളിക്കില്ല. ഐ.സി.സിക്ക് ഇതില്‍ ഒന്നും ചെയ്യാനില്ല.”’
കഴിഞ്ഞയാഴ്ച പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ 40 ലേറെ സി.ആര്‍.പി.എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നയതന്ത്രബന്ധത്തില്‍ വന്‍വിള്ളല്‍ വീണിരുന്നു. പാകിസ്താന്‍ ആസ്ഥാനമായുള്ള ജെയ്ശെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. ആക്രമണത്തെ തുടര്‍ന്ന് പാകിസ്താനുള്ള എം.എഫ്.എന്‍ പദവി ഇന്ത്യ പിന്‍വലിച്ചിരുന്നു. കൂടാതെ പാകിസ്താനില്‍ നിന്നുള്ള ഇറക്കുമതിക്ക് കസ്റ്റംസ് തീരുവ 200 ശതമാനമാക്കി ഉയര്‍ത്തുകയും ചെയ്തിരുന്നു. എന്നാല്‍ പാകിസ്താനെതിരായ ലോകകപ്പ് മത്സരവുമായി ബന്ധപ്പെട്ട് ഇന്ത്യ ഇതുവരെ ഐ.സി.സിയെ ബന്ധപ്പെട്ടിട്ടില്ല.