ഇന്ത്യ-ന്യൂസിലാന്‍ഡ് സെമി ഫൈനല്‍ മത്സരത്തിന്റെ ബാക്കി ഭാഗം ഇന്ന് നടക്കും. മഴ മൂലം മത്സരം പുനരാരംഭിക്കാനാകാതെ വന്നതോടെയാണ് മത്സരം നീട്ടിയത്. ന്യൂസിലാന്‍ഡ് 46.1 ഓവറില്‍ 211 റണ്‍സെടുത്ത് നില്‍ക്കെയാണ് മഴയെത്തിയത്.
മഴ മൂടിക്കെട്ടിയ ഓള്‍ഡ് ട്രാഫോര്‍ഡില്‍ മിന്നലായി മാറി ഇന്ത്യന്‍ ബൗളര്‍മാര്‍. ബുംറയുടെയും ഭുവനേശ്വറിന്റെയും പന്തുകള്‍ക്ക് മുന്നില്‍ പകച്ച കിവീസ് ആദ്യ റണ്‍സ് നേടിയത് മൂന്നാം ഓവറില്‍. തൊട്ടടുത്ത ഓവറില്‍ മാര്‍ട്ടിന്‍ ഗപ്റ്റിലിന് പുറത്തേക്ക് വഴി കാണിച്ചു ബുംറ. ഭയന്നുപോയ കിവീസിനെ രക്ഷപ്പെടുത്താന്‍ ഹെന്‍റി നിക്കോള്‍സിനൊപ്പം ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന്റെ ശ്രമം. നിക്കോള്‍സിന്റെ കുറ്റിപറിച്ച് ജഡേജയുടെ തിരിച്ചടി.
റോസ് ടെയ്ലര്‍ ക്രീസിലെത്തിയിട്ടും സ്കോറിന് ഒച്ചിന്റെ വേഗത മാത്രം. 95 പന്തില്‍ 67 റണ്‍സെടുത്ത വില്യംസണെ വീഴ്ത്തി ചഹല്‍ കിവീസിനെ വരിഞ്ഞു മുറുക്കി. സ്കോര്‍ ഉയര്‍ത്താനുള്ള ശ്രമത്തിനിടെ ഗ്രാന്‍ഡ്ഹോമും നീഷാമും പെട്ടെന്ന് മടങ്ങി. ടെയ്‌ലര്‍ ഇന്നിംഗ്സിന്റെ ഗിയര്‍ ചെയ്ഞ്ച് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു വില്ലനായി മഴയുടെ വരവ്. മഴ ഏറെ വൈകിയും തുടര്‍ന്നതോടെ മത്സരം ഇന്നേക്ക് നീട്ടിവയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഇന്ന് ബാക്കിയുള്ള 23 പന്തുകള്‍ കൂടി കിവീസ് ബാറ്റ് ചെയ്യും. ഇന്നും മത്സരം പൂര്‍ണമായി തടസപ്പെട്ടാല്‍ പ്രാഥമിക ഘട്ടത്തിലെ മികവിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യ ഫൈനലിലെത്തും.