Cricket Sports

പൂനെയില്‍ ഇന്ത്യന്‍ ഷോ; ഇംഗ്ലണ്ടിനെ തകര്‍ത്തത് 66 റണ്‍സിന്

ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിന മത്സരത്തില്‍ ഇന്ത്യക്ക് വിജയത്തുടക്കം. 66 റൺസിനാണ് ഇം​ഗ്ലീഷ് പട ഇന്ത്യക്ക് മുന്നില്‍ വീണത്. നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റിന് 317 റൺസെടുത്ത ഇന്ത്യയുടെ വെല്ലുവിളി പിന്തുടർന്ന ഇം​ഗ്ലണ്ടിന് 251 റൺസെടുക്കാനെ കഴിഞ്ഞുള്ളു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ ലീഡ് നേടി.

സ്കോര്‍: ഇന്ത്യ – 317/5 (50 ഓവർ), ഇം​ഗ്ലണ്ട് – 251/10 (42.1 ഓവർ)

ഓപ്പണർ ശിഖർ ധവാൻ (98 റൺസ്) മുന്നിൽ നിന്ന് നയിച്ച ബാറ്റിങ്ങും, അരങ്ങേറ്റ മത്സരത്തിൽ തന്നെ നാല് വിക്കറ്റ് പിഴുത പ്രസിദ്ധ് കൃഷ്ണയും മൂന്ന് വിക്കറ്റെടുത്ത ശ്രദുൽ താക്കൂറൂം നയിച്ച ബൗളിങ്ങിനും മുന്നിൽ ഇം​ഗ്ലണ്ടിന് വിജയം അപ്രാപ്യമാവുകയായിരുന്നു. ഇം​ഗ്ലണ്ടിനായി ബെയർസ്റ്റോയും (66 പന്തിൽ 94) ജെയ്സണ്‍ റോയും (35 പന്തില്‍ 46) പൊരുതി നോക്കിയെങ്കിലും ലക്ഷ്യം കാണാനായില്ല.

നേരത്തെ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് വേണ്ടി മികച്ച തുടക്കമാണ് ധവാനും രോഹിത്തും (28) നൽകിയത്. ജോസ് ബട്ട്ലർ പിടിച്ച് രോഹിത്ത് പുറത്താകുമ്പോൾ സ്കോർ 15 ഓവറിൽ 64 റൺസ്. തുടർന്നെത്തിയ നായകൻ കോഹ്‍ലിയും മോശമാക്കിയില്ല. 56 റൺസ് ചേർത്ത് കോഹ്‍ലി മടങ്ങിയെങ്കിലും പിന്നാലെയെത്തിയ കെ.എൽ രാഹുലും (43 പന്തിൽ 62) ക്രുണാൽ പാണ്ഡ്യയും (31 പന്തിൽ 58) ചേർന്ന് തകർത്തടിച്ചപ്പോൾ സ്കോറിങ് വേ​ഗം കൂടി. ശ്രേയസ് അയ്യർ ആറും, ഹർദിക് പാണ്ഡ്യ ഒരു റണ്ണുമെടുത്ത് പുറത്തായി. ബെൻ സ്റ്റോക്സ് മൂന്ന് വിക്കറ്റ് എടുത്തപ്പോൾ മാർക് വുഡ് രണ്ട് വിക്കറ്റുകൾ വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇം​ഗ്ലണ്ടിന് സ്വപ്ന തുല്യമായ തുടക്കമാണ് റോയും ബെയർസ്റ്റോയും ചേർന്ന് നൽകിയത്. ജെയ്സൺ റോയെ പുറത്താകി പ്രസിദ്ധ് കൃഷ്ണയാണ് 135 റൺസിന്റെ ഒപ്പണിങ് കുട്ടുക്കെട്ടിന് അന്ത്യം കുറിച്ചത്. മൂന്ന് വിക്കറ്റിന് 175 റൺസെന്ന ശക്തമായ നിലയിൽ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ കൊഴിഞ്ഞ് പോയത് ഇം​ഗ്ലണ്ടിന് തിരിച്ചടിയാവുകയായിരുന്നു. മുഈൻ അലി 30 റൺസെടുത്തു. പ്രസിദ്ധിനും ശ്രാദുലിനും പുറമെ ഭുവനേശ്വർ കുമാർ രണ്ടും ക്രുണാൽ പാണ്ഡ്യ ഒരു വിക്കറ്റുമെടുത്തു.