ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ ലോകകപ്പ് സെമിയില്‍. എട്ട് കളികളില്‍ നിന്നും 13 പോയിന്‍റോടെയാണ് ഇന്ത്യ സെമി ഉറപ്പിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 315 എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് മനോഹരമായി പൊരുതി ആവേശകരമായ അന്ത്യത്തില്‍ മത്സരത്തെ കൊണ്ടെത്തിച്ചെങ്കിലും ലക്ഷ്യത്തിലെത്താനായില്ല. 48 ഓവറില്‍ 286ന് ബംഗ്ലാദേശ് പുറത്താവുകയായിരുന്നു. ജസ്പ്രിത് ബുംറയുടെയും ഹാര്‍ദ്ദിക് പാണ്ഡ്യയുടെയും മികച്ച പ്രകടനമാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്.
നിര്‍ണ്ണായകമായ മത്സരത്തില്‍ ഓപ്പണര്‍മാര്‍ മുതല്‍ തങ്ങളുടെ പങ്ക് അറിയിക്കാന്‍ ശ്രമിച്ചെങ്കിലും ഇന്നിങ്സ് അപകടകരമാകുമെന്ന സൂചനകള്‍ നല്‍കുന്നതിനിടെ പുറത്താക്കാന്‍ ഇന്ത്യന്‍ ബൌളര്‍മാര്‍ ശ്രദ്ധിച്ചു. ടൂര്‍ണ്ണമെന്‍റിലുടനീളം മികവ് കാട്ടിയ ഷക്കീബ് അല്‍ ഹസന്‍(66) അര്‍ദ്ദ സെഞ്ച്വറി നേടി. എന്നാല്‍ മറ്റാര്‍ക്കും ഒരുപാട് നേരം ക്രീസില്‍ തുടരാനാവാതിരുന്നത് തിരിച്ചടിയായി. വാലറ്റത്തില്‍ സബീര്‍ റഹ്മാനും സൈഫുദ്ദീനും വലിയ പോരാട്ടം നടത്തി. പക്ഷെ, ബുംറ വില്ലനായെത്തി. മനോഹരമായ പന്തില്‍ റഹ്മാനെ ബൌള്‍ഡാക്കിയതോടെ ഇന്ത്യ ബംഗ്ലാദേശ് പ്രതീക്ഷകള്‍ക്ക് വിലങ്ങിട്ടു. നാല്‍പ്പത്തിയെട്ടാം ഓവറില്‍ രണ്ട് ഗംഭീര ബുംറ യോര്‍ക്കറുകള്‍ ഇന്ത്യക്ക് വിജയം സമ്മാനിച്ചു. ബുംറ നാലും ഹാര്‍ദ്ദിക് പാണ്ഡ്യ മൂന്നും വിക്കറ്റെടുത്തു.
രോഹിത് ശര്‍മ്മയുടെ മിന്നുന്ന ഫോം ഇന്ത്യന്‍ ടീമിനെ വീണ്ടും തുണച്ചു. 92 പന്തുകളില്‍ നിന്ന് 104 റണ്‍സ് നേടി രോഹിത് ലോകകപ്പിലെ നാലാം സെഞ്ച്വറി തികച്ചു. ലോകേഷ് രാഹുലുമൊത്ത് 180 റണ്‍സിന്‍റെ കൂട്ടുകെട്ടിന് ശേഷമാണ് രോഹിത് മടങ്ങിയത്. രാഹുല്‍ 77(92) റണ്‍സെടുത്തു. ശേഷം വന്ന നായകന്‍ കോഹ്‍ലി 26 റണ്‍സും റിഷബ് പന്ത് 48 റണ്‍സെടുത്തു. അവസാന ഓവറുകളില്‍ ധോണി 35 റണ്‍സ് നേടി മടങ്ങി. അവസാന ഓവറുകളില്‍ ബംഗ്ലാദേശ് മികച്ച രീതിയില്‍ പന്തെറിഞ്ഞതോടെയാണ് 314 എന്ന സ്കോറില്‍ ഇന്ത്യ ഒതുങ്ങിയത്. ബംഗ്ലാദേശിനായി മുസ്തഫിസുര്‍ റഹ്മാന്‍ അഞ്ച് വിക്കറ്റെടുത്തു.