ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ആദ്യ ഏകദിനം ഇന്ന്. മൊഹാലിയിലെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 1.30ന് മത്സരം ആരംഭിക്കും. സുപ്രധാന താരങ്ങളായ വിരാട് കോലിക്കും രോഹിത് ശർമയ്ക്കും വിശ്രമം നൽകിയാണ് ആദ്യ രണ്ട് മത്സരങ്ങളിൽ ഇന്ത്യ ഇറങ്ങുക. ഏകദിനത്തിൽ തുടരെ പരാജയപ്പെടുന്ന സൂര്യകുമാർ യാദവിന് ഒരുപക്ഷേ, ഇത് ലോകകപ്പ് ടീമിലെ സ്ഥാനം ഉറപ്പിക്കുന്നതിനുള്ള അവസാന അവസരമാവും. (india australia first odi)
രോഹിതിനും കോലിക്കുമൊപ്പം ഹാർദിക് പാണ്ഡ്യ, കുൽദീപ് യാദവ് എന്നിവരും ആദ്യ മത്സരങ്ങളിൽ ഇന്ത്യക്കായി കളിക്കില്ല. ലോകകപ്പ് ടീമിൽ ഉൾപ്പെട്ടിട്ടില്ലാത്ത ആർ അശ്വിൻ, തിലക് വർമ, ഋതുരാജ് ഗെയ്ക്വാദ് തുടങ്ങിയ ടീമിലുണ്ട് താനും. സൂര്യകുമാർ യാദവ് പരമ്പരയിൽ പരാജയപ്പെടുകയും അശ്വിൻ പരമ്പരയിൽ മികച്ചുനിൽക്കുകയും ചെയ്താൽ ലോകകപ്പ് ടീമിൽ ആർ അശ്വിനും തിലക് വർമയും കളിക്കാനിടയുണ്ട്. രവീന്ദ്ര ജഡേജ ബാറ്റിംഗിൽ ഫോമിലേക്കെത്തുകയെന്നതും സുപ്രധാനമാണ്. പരുക്കിൽ വലയുന്ന ശ്രേയാസ് അയ്യരിനും ലോകകപ്പിനു മുൻപ് ഫോം കണ്ടെത്താൻ അവസാന അവസരമാണിത്. രോഹിതിൻ്റെ അഭാവത്തിൽ ശുഭ്മൻ ഗില്ലിനൊപ്പം ഇഷാൻ കിഷൻ തന്നെ ഇന്നിംഗ്സ് ഓപ്പൺ ചെയ്യും.
ഓസ്ട്രേലിയ ആവട്ടെ, മുതിർന്ന താരങ്ങളായ സ്റ്റീവ് സ്മിത്ത്, പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, ഗ്ലെൻ മാക്സ്‌വൽ എന്നിവരെയൊക്കെ ടെമൈൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന ഏകദിന പരമ്പരയിൽ ഇവരൊന്നും കളിച്ചിരുന്നില്ല. ആ പരമ്പര 3-2 ന് ഓസ്ട്രേലിയ പരാജയപ്പെടുകയും ചെയ്തിരുന്നു. ട്രാവിസ് ഹെഡ് പരുക്കേറ്റ് ലോകകപ്പിൽ കളിക്കാനിടയില്ലാത്തതിനാൽ മിച്ചൽ മാർഷ് ഡേവിഡ് വാർണറിനൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്തേക്കും. ലോകകപ്പ് ടീമിൽ ഇടം പിടിക്കാതിരുന്ന മാർനസ് ലബുഷെയ്ൻ കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടായി ദക്ഷിണാഫ്രിക്കക്കെതിരെ ടീമിലെത്തി തകർത്തുകളിച്ചത് ഓസ്ട്രേലിയക്ക് തലവേദനയാണ്. ട്രാവിസ് ഹെഡിനു പരുക്കേേതിനാൽ താരത്തെ ലോകകപ്പ് ടീമിൽ പരിഗണിക്കാനും ഇടയുണ്ട്. ആദ്യ കളി മിച്ചൽ സ്റ്റാർക് കളിക്കാത്തതിനാൽ ഷോൺ ആബട്ട് ടീമിലെത്തും. മാക്സ്‌വലും ഇന്ന് കളിക്കില്ലെന്നാണ് വിവരം.