Cricket Sports

പരമ്പര സ്വന്തമാക്കാൻ ഇന്ത്യ ഇന്ന് കളത്തിൽ; ഓസ്ട്രേലിയക്ക് ഇന്ന് ജയിച്ചേപറ്റൂ

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മൂന്നാം ടി-20 ഇന്ന്. ഗുവാഹത്തിയിലെ ബർസാപര സ്റ്റേഡിയത്തിൽ ഇന്ന് രാത്രി ഏഴ് മണിക്ക് മത്സരം ആരംഭിക്കും. ആദ്യ രണ്ട് മത്സരങ്ങൾ വിജയിച്ച ഇന്ത്യ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ മുന്നിലാണ്. ഇന്നത്തെ മത്സരത്തിൽ കൂടി വിജയിക്കാനായാൽ ഇന്ത്യ പരമ്പര സ്വന്തമാക്കും.

യുവാക്കളടങ്ങിയ ഒരു ടീം നിലവിലെ ടി-20 ലോക ജേതാക്കളായ ആധികാരികമായി തകർത്തുകളയുന്നതാണ് കഴിഞ്ഞ രണ്ട് മത്സരങ്ങളിലും കണ്ടത്. ആദ്യ കളി ഓസ്ട്രേലിയ മുന്നോട്ടുവച്ച 209 റൺസ് വിജയലക്ഷ്യം 8 വിക്കറ്റ് നഷ്ടപ്പെടുത്തി മറികടന്ന ഇന്ത്യ അടുത്ത കളി ആദ്യം ബാറ്റ് ചെയ്ത് 236 റൺസെന്ന വിജയലക്ഷ്യം വച്ച് 44 റൺസിനു വിജയിച്ചു. യശസ്വി ജയ്സ്വാൾ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, റിങ്കു സിംഗ് എന്നിവർ ബാറ്റിംഗിലും രവി ബിഷ്ണോയ്, അക്സർ പട്ടേൽ, പ്രസിദ്ധ് കൃഷ്ണ എന്നിവർ ബൗളിംഗിലും തിളങ്ങി. മുകേഷ് കുമാറിൻ്റെ ഡെത്ത് ഓവറുകളും ശ്രദ്ധേയമായിരുന്നു.

മറുവശത്ത്, സ്റ്റീവ് സ്മിത്ത് ഓപ്പൺ ചെയ്യുന്നതുകൊണ്ടുള്ള പ്രശ്നങ്ങളാണ് ഓസ്ട്രേലിയക്ക് പ്രധാനമായി ഉള്ളത്. പവർ പ്ലേ മുതലാക്കാൻ രണ്ട് കളിയും സ്മിത്തിനു കഴിഞ്ഞിട്ടില്ല. ആദ്യ കളി ഫിഫ്റ്റി അടിച്ചെങ്കിലും 126 ആയിരുന്നു സ്ട്രൈക്ക് റേറ്റ്. മാത്യു ഷോർട്ട് രണ്ട് കളിയും നിരാശപ്പെടുത്തി. ജോഷ് ഇംഗ്ലിസ്, ടിം ഡേവിഡ്, മാർക്കസ് സ്റ്റോയിനിസ് എന്നിവരടങ്ങിയ മധ്യനിരയാണ് ഓസീസിൻ്റെ കരുത്ത്. മാത്യു വെയ്ഡിന് ഏറെ പന്തുകൾ ഫേസ് ചെയ്യാൻ അവസരം ലഭിക്കുന്നില്ല എന്നത് ഓസീസ് സ്കോറിംഗിനെ ബാധിക്കുന്നുണ്ട്. സ്മിത്തിനു പകരം ഇന്ന് ട്രാവിസ് ഹെഡ് കളിച്ചേക്കും. തൻവീർ സംഗ, നതാൻ എല്ലിസ് എന്നിവരാണ് ബൗളിംഗിൽ തിളങ്ങിയവർ.