Cricket Sports

രണ്ടാം ദിനം വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ; ഇംഗ്ലണ്ട് സ്കോറിൽ നിന്ന് 56 റൺസ് അകലെ

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൻ്റെ രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ പൊരുതുന്നു. രണ്ടാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 43 റൺസ് നേടിയിട്ടുണ്ട്. ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ 191 റൺസിനു പുറത്തായിരുന്നു. ഇംഗ്ലണ്ടിൻ്റെ ആദ്യ ഇന്നിംഗ്സ് സ്കോറായ 290 റൺസിൽ നിന്ന് ഇനിയും 56 റൺസ് അകലെയാണ് ഇന്ത്യ. ലോകേഷ് രാഹുൽ (22), രോഹിത് ശർമ്മ (20) എന്നിവർ ക്രീസിൽ തുടരുകയാണ്. (india 43 england test) ഇംഗ്ലണ്ട് ഇന്നിംഗ്സിനെക്കാൾ 99 റൺസ് പിന്നിൽ നിന്ന് രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കമാണ് ഓപ്പണർമാർ ചേർന്ന് നൽകിയത്. ഇംഗ്ലണ്ട് നന്നായി പന്തെറിഞ്ഞെങ്കിലും രോഹിതും രാഹുലും ശ്രദ്ധയോടെ ബാറ്റ് ചെയ്ത് രണ്ടാം ദിനം പൂർത്തിയാക്കുകയായിരുന്നു.

അതേസമയം, 81 റൺസെടുത്ത ഒലി പോപ്പാണ് ഇംഗ്ലണ്ടിൻ്റെ ടോപ്പ് സ്കോറർ. ക്രിസ് വോക്സും (50) ഇംഗ്ലണ്ടിനായി ഫിഫ്റ്റിയടിച്ചു. ജോണി ബെയർസ്റ്റോ (37) മൊയീൻ അലി (35), ഡേവിഡ് മലാൻ (31) എന്നിവരും ഇംഗ്ലണ്ടിനായി തിളങ്ങി. ഇന്ത്യക്ക് വേണ്ടി ഉമേഷ് യാദവ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ജസ്പ്രീത് ബുംറയ്ക്കും രവീന്ദ്ര ജഡേജയ്ക്കും രണ്ട് വിക്കറ്റ് വീതമുണ്ട്. ഒരു ഘട്ടത്തിൽ 62/5 എന്ന നിലയിൽ പതറിയ ഇംഗ്ലണ്ട് അവിടെനിന്ന് കരകയറിയാണ് ലീഡ് നേടിയത്.

മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്നിംഗ്സ് തോൽവിയാണ് ഇന്ത്യ വഴങ്ങിയത്. ഇന്നിംഗ്‌സിനും 76 റൺസിനും ഇന്ത്യയെ തകർത്ത ഇംഗ്ലണ്ട് അഞ്ച് മത്സര പരമ്പരയിൽ ഒപ്പമെത്തി(1-1). ഇന്നിംഗ്‌സ് തോൽവി ഒഴിവാക്കാൻ 354 റൺസ് വേണ്ടിയിരുന്ന ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 215 റൺസെന്ന നിലയിലാണ് നാലാം ദിനം ക്രീസിലിറങ്ങിയത്. എന്നാൽ തുടക്കത്തിലെ ചേതേശ്വർ പൂജാരയെയും(91) ക്യാപ്റ്റൻ വിരാട് കോലിയെയും(55) നഷ്ടമായതോടെ ഇന്ത്യ പ്രതിരോധത്തിലായി.

ഇംഗ്ലണ്ടിന് വേണ്ടി ഒല്ലി റോബിൻസൺ അഞ്ച് വിക്കറ്റ് നേടിയപ്പോൾ ക്രെയിഗ് ഓവർട്ടൺ മൂന്ന് വിക്കറ്റ് നേടി. സ്‌കോർ ഇന്ത്യ 78, 278, ഇംഗ്ലണ്ട് 432. അജിങ്ക്യാ രഹാനെ(10), റിഷഭ് പന്ത്(1) എന്നിവരും പോരാട്ടമില്ലാതെ മടങ്ങി. വാലറ്റത്തെ കൂട്ടുപിടിച്ച് രവീന്ദ്ര ജഡേജ(30) നടത്തിയ ചെറുത്തുനിൽപ്പ് ഇന്ത്യയുടെ തോൽവിഭാരം കുറച്ചു.