Cricket

ഇൻഡോർ ടെസ്റ്റിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച

ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇൻഡോറിൽ നടക്കുന്ന മൂന്നാം ടെസ്റ്റിൽ ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് തകർച്ച. ആദ്യ ദിനം ഉച്ചഭക്ഷണത്തിനായി പിരിയുമ്പോൾ 84 റൺസിന് 7 വിക്കറ്റ് എന്ന നിലയിൽ പതറുകയാണ് ടീം. ആദ്യ സെഷനിൽ ഓസ്ട്രേലിയൻ സ്പിന്നർമാർ കത്തിക്കയറുകയായിരുന്നു.

ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ രോഹിതിന്റെ പ്രതീക്ഷകളാകെ തെറ്റിക്കുന്ന പ്രകടനമാണ് ഓസ്‌ട്രേലിയൻ സ്പിന്നർമാർ പുറത്തെടുത്തത്. 45 റൺസെടുക്കുന്നതിനിടെ ഇന്ത്യക്ക് അഞ്ച് വിക്കറ്റുകൾ നഷ്ടമായി. രോഹിത് ശർമ(12), ശുഭ്മാൻ ഗിൽ(21), ശ്രേയസ് അയ്യർ(0), ചേതേശ്വര് പൂജാര(1), രവീന്ദ്ര ജഡേജ(4), വിരാട് കോലി(22), കെ.എസ് ഭരത്(17) എന്നിവർ അനായാസം കീഴടങ്ങി.

ആറ് റൺസുമായി അക്‌സർ പട്ടേലും ഒരു റണ്ണുമായി ആർ അശ്വിനുമാണ് ക്രീസിൽ. പ്ലെയിങ് ഇലവനിൽ രണ്ട് മാറ്റങ്ങളാണ് ഇന്ത്യ വരുത്തിയിരിക്കുന്നത്. ഓപ്പണർ കെ.എൽ രാഹുലിന് പകരം ശുഭ്മാൻ ഗില്ലിന് അവസരം ലഭിച്ചപ്പോൾ മുഹമ്മദ് ഷമിക്ക് പകരം ഉമേഷ് യാദവിനെ ടീമിൽ ഉൾപ്പെടുത്തി. പേസർ മിച്ചൽ സ്റ്റാർക്കും ഓൾറൗണ്ടർ കാമറൂൺ ഗ്രീനും ഓസ്‌ട്രേലിയൻ ടീമിൽ തിരിച്ചെത്തി. സ്റ്റീവ് സ്മിത്താണ് ഓസ്‌ട്രേലിയൻ ടീമിന്റെ നായകൻ.