Cricket Sports

പാകിസ്താനെ എല്ലാ ടീമിനും പേടിയാണെന്ന് പാക് നായകന്‍

പാകിസ്താനും ശ്രീലങ്കയും തമ്മിലുള്ള ലോകകപ്പ് ക്രിക്കറ്റ് മത്സരം ഒരു പന്ത് പോലും എറിയാനാവാതെ ഉപേക്ഷിച്ചതില്‍ കടുത്ത നിരാശയിലാണ് പാക് നായകന്‍ സര്‍ഫറാസ് അഹമ്മദ്. മഴ വില്ലനായ മത്സരത്തില്‍ അമ്പയര്‍മാര്‍ പലവട്ടം പിച്ച് പരിശോധിച്ച ശേഷമാണ് മത്സരയോഗ്യമല്ലെന്ന് ചൂണ്ടിക്കാട്ടി കളി ഉപേക്ഷിച്ചത്. ഇതേത്തുടര്‍ന്ന് ഇരുടീമുകള്‍ക്കും ഓരോ പോയിന്റ് വീതം ലഭിക്കുകയും ചെയ്തു.

എന്നാല്‍ മഴ കളി മുടക്കിയതില്‍ കടുത്ത നിരാശയിലാണ് പാക് നായകന്‍. ”ഒരു ടീം എന്ന നിലയ്ക്ക് ഞങ്ങള്‍ക്ക് ഈ മത്സരം കളിക്കേണ്ടത് അത്യാവശ്യമായിരുന്നു. പ്രത്യേകിച്ചും ആതിഥേയരായ ഇംഗ്ലണ്ടിനെതിരെ ഗംഭീര വിജയവുമായി മുന്‍തൂക്കം നേടിയ സാഹചര്യത്തില്‍. കളിക്കാന്‍ കഴിയാതെ പോയത് ദൗര്‍ഭാഗ്യകരമായി പോയി.” ഇവിടം കൊണ്ട് നിര്‍ത്താന്‍ സര്‍ഫറാസ് തയ്യാറായില്ല. ”ഞങ്ങളുടെ അടുത്ത മത്സരം ആസ്ട്രേലിയക്കെതിരെയാണ്. പാകിസ്താനെ എല്ലാ ടീമുകള്‍ക്കും ഭയമാണ്. ലോകകപ്പിലെ മറ്റു ടീമുകളെ പോലെ ഓസീസും കരുത്തരായ എതിരാളികളാണ്. ആദ്യ രണ്ടു മത്സരങ്ങളും വിജയിച്ച ഓസീസിന് അങ്ങനെയൊരു ആനുകൂല്യവുമുണ്ട്. ഇംഗ്ലണ്ടിനെതിരെ നേടിയ വിജയം ടീമിന് വലിയ ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്.” – സര്‍ഫറാസ് പറഞ്ഞു.

ആദ്യ മത്സരത്തില്‍ വിന്‍ഡീസിനോട് ദയനീയമായി പരാജയപ്പെട്ട പാകിസ്താന്‍ രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ വീരോചിതമായ ജയം സ്വന്തമാക്കിയാണ് കരുത്ത് കാട്ടിയത്. ആദ്യ മത്സരത്തില്‍ 105 റണ്‍സ് മാത്രം നേടാനായവര്‍ രണ്ടാം മത്സരത്തില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 348 റണ്‍സാണ് അടിച്ചെടുത്തത്. ഈ ലോകകപ്പിലെ ഇതുവരെയുള്ള ഏറ്റവും മോശപ്പെട്ട സ്‌കോറും ഏറ്റവും ഉയര്‍ന്ന സ്‌കോറും പാകിസ്താന് സ്വന്തമാണ്.