കഴിഞ്ഞ വര്‍ഷത്തെ മികച്ച ക്രിക്കറ്റ് താരങ്ങള്‍ക്കുള്ള അവാര്‍ഡ് ഐ.സി.സി പ്രഖ്യാപിച്ചു. ഏകദിനത്തിലെ മികച്ച താരത്തിനുള്ള പുരസ്‌ക്കാരം രോഹിത്ത് ശര്‍മ്മ സ്വന്തമാക്കി. പോയവര്‍ഷത്തെ മികച്ച ക്രിക്കറ്റ് താരമായി ഇംഗ്ലണ്ടിന്റെ ലോകകപ്പ് ഹീറോ ഓള്‍റൗണ്ടര്‍ ബെന്‍സ്‌റ്റോക്‌സ് തെരഞ്ഞെടുക്കപ്പെട്ടു.
ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിനേയാണ് ഐ.സി.സി അംഗീകരിച്ചത്. ആരാധകര്‍ സ്റ്റീവ് സ്മിത്തിനു നേരെ കൂവിയപ്പോള്‍ പാടില്ലെന്നും കയ്യടിക്കാനും ആംഗ്യം കാണിച്ച കോലിയുടെ ‘സ്പിരിറ്റാണ്’ അംഗീകരിക്കപ്പെട്ടിരിക്കുന്നത്. കോലി തന്നെയാണ് ഐ.സി.സിയുടെ ടെസ്റ്റ്, ഏകദിന ടീമുകളുടെ നായകന്‍. 2019ല്‍ 59 വിക്കറ്റുകള്‍ വീഴ്ത്തിയ ഓസീസ് പേസ്ബൗളര്‍ പാറ്റ് കുമ്മിന്‍സാണ് ടെസ്റ്റ് ക്രിക്കറ്റര്‍.
2019ല്‍ അസാധ്യ ഫോമിലായിരുന്ന രോഹിത്ത് ശര്‍മ്മ ലോകകപ്പിലാണ് തനി സ്വരൂപം പുറത്തെടുത്തത്. അഞ്ച് സെഞ്ചുറികളാണ് ഇന്ത്യന്‍ താരം ലോകകപ്പില്‍ മാത്രം അടിച്ചുകൂട്ടിയത്. ഇതോടെ ടൂര്‍ണ്ണമെന്റിലെ ഉയര്‍ന്ന റണ്‍സ്‌കോററായും രോഹിത്ത് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഏഴ് ഏകദിന സെഞ്ചുറികളാണ് കഴിഞ്ഞ വര്‍ഷം മാത്രം രോഹിത്ത് ശര്‍മ്മ നേടിയത്.
ടി20യിലെ മികച്ച പെര്‍ഫോര്‍മര്‍ക്കുള്ള അവാര്‍ഡ് ദീപക് ചഹാര്‍ നേടി. ബംഗ്ലാദേശിനെതിരെ വെറും ഏഴ് റണ്‍ മാത്രം വിട്ടുകൊടുത്ത് ആറ് വിക്കറ്റ് പിഴുത പ്രകടനമാണ് ചഹാറിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. പോയവര്‍ഷം ഉദിച്ചുയര്‍ന്ന താരമായി ആസ്‌ട്രേലിയയുടെ മാര്‍നസ് ലബുഷെയ്‌നെ തെരഞ്ഞെടുത്തു.
ഐ.സി.സി. അവാര്‍ഡില്‍ ശ്രദ്ധേയനായ മറ്റൊരു ഇന്ത്യന്‍ താരം മായങ്ക് അഗര്‍വാളാണ്. ടെസ്റ്റിലെ ആദ്യ വര്‍ഷത്തില്‍ തന്നെ ഐ.സി.സി ടെസ്റ്റ് ടീമില്‍ ഇടം നേടാന്‍ മായങ്കിനായി. ഓപണറായാണ് ഐ.സി.സി മായങ്ക് അഗര്‍വാളിനെ ടെസ്റ്റ് ടീമിലെടുത്തിരിക്കുന്നത്. കോലിക്ക് മാത്രമാണ് മായങ്ക് അഗര്‍വാളിന് പുറമേ ഐ.സി.സിയുടെ ടെസ്റ്റ് ടീമിലേക്കെത്താനായത്.
അതേസമയം ഏകദിന ടീമില്‍ ഇന്ത്യ മേധാവിത്വം പുലര്‍ത്തി. രോഹിത്ത് ശര്‍മ്മ, വിരാട് കോലി, ഷമി, കുല്‍ദീപ് എന്നിവരാണ് ഏകദിന ഐ.സി.സി ടീമില്‍ ഇടം നേടിയത്.
2019ലെ ഐ.സി.സി ഏകദിന ടീം: രോഹിത്ത് ശര്‍മ്മ, ഷായ് ഹോപ്, വിരാട് കോലി(ക്യാപ്റ്റന്‍), ബാബര്‍ അസം, കെയ്ന്‍ വില്യംസണ്‍, ബെന്‍ സ്റ്റോക്‌സ്, ജോസ് ബട്‌ലര്‍(വി.), സ്റ്റാര്‍ക്ക്, ബൗള്‍ട്ട്, ഷമി, കുല്‍ദീപ് യാദവ്.
2019ലെ ഐ.സി.സി ടെസ്റ്റ് ടീം: മായങ്ക് അഗര്‍വാള്‍, ടോം ലാഥം, ലബുഷെയ്ന്‍, വിരാട് കോലി(ക്യാപ്റ്റന്‍), സ്റ്റോക്‌സ്, വാറ്റ്‌ലിംങ്(വി.), കുമ്മിന്‍സ്, സ്റ്റാര്‍ക്ക്, വാഗ്‌നര്‍, ലിയോണ്‍.