ഇന്ത്യൻ ഓൾറൌണ്ടർ ഹാർദിക് പാണ്ഡ്യയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. പരിക്കിനെ തുടര്‍ന്നുണ്ടായ പുറംവേദന ഗുരുതരമായതോടെയാണ് താരത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. ശസ്ത്രക്രിയ വിജകരമായിരുന്നുവെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു. വിശ്രമം അനിവാര്യമായ സാഹചര്യത്തില്‍ പാണ്ഡ്യക്ക് കുറച്ചുകാലം കളിക്കളത്തിന് പുറത്തിരിക്കേണ്ടി വരും. ഇതേസമയം, കളിക്കളത്തിലേക്ക് മടങ്ങിയെത്താന്‍ എത്ര കാലം വേണ്ടിവരുമെന്ന കാര്യം വ്യക്തമല്ല.
പാണ്ഡ്യ തന്നെയാണ് ശസ്ത്രക്രിയയുടെ വിവരം ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചത്. “ശസ്ത്രക്രിയ വിജയകരമായിരുന്നു. നിങ്ങളുടെ ആശംസകള്‍ക്ക് എല്ലാവരോടും വളരെ നന്ദിയുണ്ട്. ഉടന്‍ തന്നെ മടങ്ങിവരും! അതുവരെ കാത്തിരിക്കേണ്ടി വരും.” എന്നായിരുന്നു തന്റെ ചിത്രത്തിനൊപ്പം പാണ്ഡ്യയുടെ കുറിപ്പ്. 2018 ലെ ഇന്ത്യാ പര്യടനത്തിലും 2019 ലോകകപ്പിലും ചികിത്സിച്ച അതേ ഡോക്ടർ തന്നെയാണ് പാണ്ഡ്യയെ ചികിത്സിക്കുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുള്ള ടി20 പരമ്പരയിലാണ് പാണ്ഡ്യ അവസാനമായി കളിച്ചത്. പരിക്കിന്റെ സാഹചര്യത്തില്‍ പ്രോട്ടീസിനെതിരായ മൂന്ന് ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽ പാണ്ഡ്യയെ ഉള്‍പ്പെടുത്തിയിരുന്നില്ല. നവംബർ മൂന്നിന് ആരംഭിക്കുന്ന ബംഗ്ലാദേശിനെതിരായ ടി 20 പരമ്പരയും പാണ്ഡ്യയ്ക്ക് നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.