ഐപിഎല്ലിൽ വമ്പൻ മാറ്റങ്ങൾക്ക് കളമൊരുങ്ങുന്നു. താരലേലത്തിന് മുന്നോടിയായി ടീമുകൾക്ക് കളിക്കാരെ നിലനിർത്താനുള്ള സമയപരിധി ഇന്ന് വൈകിട്ട് നാലിന് അവസാനിക്കാനിരിക്കേയാണ് പുതിയ റിപ്പോർട്ടുകൾ ആരാധകരെ ഞെട്ടിക്കുന്നത്. ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ തിരികെ മുംബൈ ഇന്ത്യൻസിലേക്ക് വരാൻ തയ്യാറെടുക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.
പാണ്ഡ്യയെ മുംബാ ക്യാമ്പിലേക്ക് എത്തിക്കാൻ ടീം ഉടമകൾ ഒരുങ്ങിക്കഴിഞ്ഞതായാണ് പുറത്തുവരുന്ന വാർത്തകൾ. രോഹിത് ശർമയും താരലേലത്തിൽ എത്തുന്നുണ്ട്. അതിനാൽ തന്നെ താരത്തെ മുംബൈ നിലനിർത്തുമോ എന്ന കാര്യത്തിൽ ആശങ്ക ഉയരുന്നുണ്ട്. പാണ്ഡ്യയുടെ വരവിനായി ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മൂല്യമേറിയ ട്രാൻസ്‌ഫറിനാണ് മുംബൈ ഇന്ത്യൻസ് ശ്രമിക്കുന്നത് എന്നാണ് ഇഎസ്‌പിഎൻ ക്രിക്‌ഇൻഫോയുടെ റിപ്പോർട്ട്.
2022ലാണ് പാണ്ഡ്യ ഗുജറാത്തിന്റെ ക്യാപ്റ്റനായി ടീമിലെത്തുന്നത്. ടീമിന്റെ കന്നി ഫൈനലിൽ തന്നെ കപ്പ് നേടികൊടുക്കുകയും 2023ൽ ടീമിനെ ഫൈനലിൽ എത്തിക്കുന്നതിലും പാണ്ഡ്യ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. പാണ്ഡ്യ മുംബൈയിലേക്ക് ചേക്കേറുന്നതോടെ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് ശുഭ്മാൻ ഗിൽ എത്തുമെന്നും റിപ്പോർട്ടുകളുണ്ട്.
ഗുജറാത്ത് ടൈറ്റൻസിലെ രണ്ട് സീസണുകളിൽ 30 ഇന്നിംഗ്‌സിൽ 41.65 ശരാശരിയിലും 133.49 സ്ട്രൈക്ക് റേറ്റിലും 833 റൺസും 8.1 ഇക്കോണമിയിൽ 11 വിക്കറ്റും ഹാർദിക് പാണ്ഡ്യ സ്വന്തമാക്കി. ഐപിഎൽ കരിയറിലാകെ 123 മത്സരങ്ങളിൽ 2309 റൺസും 53 വിക്കറ്റും ഹാർദിക് പാണ്ഡ്യയുടെ പേരിലുണ്ട്. ഹാർദിക് പാണ്ഡ്യ 2015 മുതൽ 2021 വരെ മുംബൈ ഇന്ത്യൻസിൻറെ താരമായിരുന്നു. മുംബൈ ഇന്ത്യൻസിനൊപ്പം 2015, 2017, 2019, 2020 വർഷങ്ങളിൽ ഹാർദിക് പാണ്ഡ്യ കിരീടം നേടിയിട്ടുണ്ട്.