ന്യൂഡല്‍ഹി: നീലക്കുപ്പായമണിഞ്ഞതു മുതല്‍ റെക്കോര്‍ഡുകളുടെ കളിത്തോഴനായ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് ഇന്ന് 31ാം ജന്മദിനം. ഇഷ്ട താരത്തിന് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് നിരവധി ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. വിരാട് കോഹ്‌ലിയുടെ ആദ്യ ഏകദിന സെഞ്ച്വറിയുടെ വീഡിയോ പങ്കുവെച്ചാണ് ബിസിസിഐ കോഹ്‌ലിക്ക് ആശംസകള്‍ നേര്‍ന്നത്.
ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ ആരാണെന്ന ചേദ്യത്തിന് ഇന്ന് വിരാട് കോഹ്‌ലി എന്നല്ലാതെ മറ്റൊരു പേര് പറയാനുണ്ടാകില്ല. അത്ര ഉയരത്തിലാണ് വിരാട് എന്ന വീര പുരുഷന്റെ സ്ഥാനം. സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് ശേഷം ടീം ഇന്ത്യയെ ആര് മുന്നോട്ട് നയിക്കുമെന്ന ചോദ്യമായിരുന്നു ആരാധകരുടെ മനസില്‍. എന്നാല്‍ സച്ചിനൊപ്പമോ ഒരുപക്ഷെ സച്ചിനു മുകളിലോ ആണ് കോഹ്‌ലിയുടെ സ്ഥാനമെന്ന് വിശ്വസിക്കുന്നവരാണ് ഏറെയും.
സച്ചിന്‍ ഒരു വികാരമായിരുന്നെങ്കില്‍ കോഹ്‌ലി നല്‍കുന്നത് പ്രതീക്ഷയാണ്. കൈവിട്ടുപോയിരുന്ന നിരവധി മത്സരങ്ങള്‍ അദ്ദേഹം തിരിച്ചുപിടിച്ച കാഴ്ച ക്രിക്കറ്റ് ലോകം ഇതിനോടകം എത്രയോ തവണ കണ്ടുകഴിഞ്ഞിരിക്കുന്നു. ആക്രമണോത്സുകത ശരീര ഭാഷയിലും കേളീശൈലിയിലും വെച്ചു പുലര്‍ത്തുന്ന കോഹ്‌ലി സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ബാറ്റ് വീശുന്നതാണ് ഒരു കളിക്കാരനെന്ന നിലയില്‍ അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്.
ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും 50+ ശരാശരിയുള്ള ഒരേ ഒരു ബാറ്റ്‌സ്മാനാണ് വിരാട് കോഹ്‌ലി. ഇത് തന്നെയാണ് കോഹ്‌ലിയെ ‘റണ്‍ മെഷീന്‍’ എന്ന വിശേഷണത്തിന് അര്‍ഹനാക്കിയതും. തികഞ്ഞ ആത്മവിശ്വാസവും കായിക ക്ഷമതയും കൈമുതലായുള്ള കോഹ്‌ലിക്ക് മുന്നില്‍ ക്രിക്കറ്റിലെ മഹാരഥന്‍മാര്‍ പലരും കുറിച്ച ചരിത്രം ഓരോന്ന് ഓരോന്നായി വഴിമാറിക്കൊണ്ടിരിക്കുകയാണ്. സച്ചിനു മാത്രം സാദ്ധ്യമാണെന്ന് കരുതിയ പലതും സച്ചിനേക്കാള്‍ വേഗം കീഴടക്കിയാണ് കോഹ്‌ലി മുന്നേറുന്നത്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ റെക്കോര്‍ഡുകളും കോഹ്‌ലി മറികടന്നു കഴിഞ്ഞു.
ഐ.സി.സി. അണ്ടര്‍19 ലോകകപ്പ് 2008 ലെ ചാമ്ബ്യന്മാരായ ഇന്ത്യന്‍ ടീമിന്റെ നായകന്‍ വിരാട് കോലിയായിരുന്നു. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ ഡല്‍ഹിയെ പ്രതിനിധീകരിക്കുന്ന കോഹ്‌ലി ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനു വേണ്ടിയാണ് കളിക്കുന്നത്.
239 ഏകദിന മത്സരങ്ങളില്‍ നിന്ന് 60.31 റണ്‍സ് ശരാശരിയില്‍ 11,520 റണ്‍സാണ് കോഹ്‌ലിയുടെ സമ്ബാദ്യം. 82 ടെസ്റ്റുകളില്‍ നിന്ന് 54.77 റണ്‍സ് ശരാശരിയില്‍ 7066 റണ്‍സും 72 ട്വന്റി20 മത്സരങ്ങളില്‍ നിന്ന് 50 റണ്‍സ് ശരാശരിയില്‍ 2450 റണ്‍സും അദ്ദേഹം നേടിയിട്ടുണ്ട്.
പ്രേമിന്റെയും സരോജ് കോലിയുടേയും പുത്രനായി 1988 നവംബര്‍ 5ന് ഡല്‍ഹിയിലാണ് കോഹ്‌ലി ജനിച്ചത്. മൂന്ന് മക്കളില്‍ ഇളയവനാണ് കോഹ്‌ലി. വിശാഖ്, ഭാവന എന്നിവരാണ് സഹോദരങ്ങള്‍.