Cricket

ചെന്നൈക്ക് തോൽവി; സീസണിലെ ആദ്യ മത്സരത്തിൽ ഗുജറാത്തിന് വിജയം

ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈക്ക് തോൽവിയോടെ തുടക്കം. ചെന്നൈയ്ക്ക് എതിരെ അഞ്ച് വിക്കറ്റ് വിജയമാണ് ഗുജറാത്ത് നേടിയത്. നാല് പന്തുകൾ ബാക്കി നിൽക്കെ ചെന്നൈ സൂപ്പർ കിങ്‌സ് നേടിയ 178 റണ്ണുകൾ ഗുജറാത്ത് ടൈറ്റൻസ് മറികടക്കുകയായിരുന്നു. അവസാന ഓവറുകളിൽ തകർത്തടിച്ചു രാഹുൽ തെവാട്ടിയായും റാഷിദ് ഖാനുമാണ് ഗുജറാത്തിനെ വിജയതീരത്ത് എത്തിച്ചത്. ഓപ്പണർമാരായ ശുഭ്മൻ ഗില്ലും വൃദ്ധിമാൻ സാഹയും തിളങ്ങിയതാണ് ഗുജറാത്തിനെ സഹായിച്ചത്. ഐപിഎല്ലിൽ ഇതുവരെ ചെസ് ചെയ്ത പത്ത് മത്സരങ്ങളിൽ ഒമ്പതെണ്ണത്തിലും വിജയം ഗുജറാത്ത് നേടിയിട്ടുണ്ട്. നിർണായക വിക്കറ്റുകൾ എടുക്കുകയും രണ്ട് ബൗണ്ടറികൾ നേടി ടീമിന്റെ വിജയത്തിന് നിർണായക പങ്കു വഹിച്ച റാഷിദ് ഖാനാണ് മത്സരത്തിലെ മികച്ച താരം.

അവസാന ഓവറുകളിൽ വമ്പനടികൾക്ക് പേരുകേട്ട റാഷിദ് ഖാനും രാഹുൽ തെവാട്ടിയായും കൂറ്റനടികളുമായി മുന്നേറി. അവസാന രണ്ടു ഓവറുകളിൽ ഇരുവരും ചേർന്ന് അടിച്ചെടുത്ത 26 റണ്ണുകൾ. അവസാന ഓവറിൽ രണ്ടു പന്തുകൾ തുടർച്ചയായി ബൗണ്ടറി കടത്തിയാണ് തെവാട്ടിയ നിലവിലെ ജേതാക്കളെ വിജയത്തിൽ എത്തിച്ചത്. 36 പന്തുകളിൽ നിന്ന് 63 റണ്ണുകൾ നേടിയ ശുഭ്മൻ ഗിൽ ടീമിന്റെ റൺ നിരക്ക് ഉയർത്തുന്നതിന് വലിയ സംഭാവനയാണ് നൽകിയത്. എന്നാൽ, കൂറ്റനടികൾക്ക് പേരെടുത്ത ഹർദിക് പാണ്ട്യ എട്ടു റണ്ണുകൾക്കപ്പുറം വീണത് ഗുജറാത്തിനെ തലവേദയാക്കിയിരുന്നു.

കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് പിഴുത ഗുജറാത്ത് ടൈറ്റന്‍സ് ബൗളര്‍മാരാണ് ടോസ് നഷ്ടപെട്ട ബാറ്റിങ്ങിറങ്ങിയ ചെന്നൈയുടെ സ്‌കോര്‍ 178ല്‍ ഒതുക്കിയത്. കൃത്യമായി പ്രതിരോധിച്ചിരുന്നെങ്കിൽ വിജയിക്കാൻ സാധിക്കുമായിരുന്ന മത്സരമാണ് ചെന്നൈ കൈവിട്ടു കളഞ്ഞത്. മൂന്ന് വിക്കറ്റുകൾ എടുത്ത് രാജ്വർദ്ധൻ ഹൻഗർഗേക്കർ ഗുജറാത്തിനെ പ്രതിരോധത്തിലാക്കിയെങ്കിലും മറ്റുള്ള ബോളർമാർ തിളങ്ങാതിരുന്നത് ചെന്നൈ സൂപ്പർ കിങ്സിന് തിരിച്ചടിയായി. ശക്തമായ ബാറ്റിംഗ് നിരയുണ്ടായിട്ടും പ്രതിരോധിക്കാൻ സാധിക്കാതെ ബോളിങ് ടീം പ്രതിസന്ധിയിലായത് ചെന്നൈ ടീം പരിശോധിക്കേണ്ടി വരും.