Cricket Sports

ക്രിക്കറ്റിനിടെ മാജിക്

മാന്ത്രിക ബൗളിംങിനൊടുവില്‍ വിക്കറ്റുവീഴ്ത്തിയെന്ന് കേട്ടിരിക്കും. എന്നാല്‍, ഇപ്പോഴിതാ ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ തബ്‌റെയ്‌സ് ഷാംസി വിക്കറ്റ് നേടിയ ശേഷം മാജിക്ക് കാണിച്ചാണ് അമ്പരപ്പിക്കുന്നത്. ബാറ്റ്‌സ്മാനൊപ്പം സഹതാരങ്ങളേയും കമന്റേറ്റര്‍മാരേയും വരെ അതിശയിപ്പിച്ച മാജിക്കാണ് ഷാംസി വിക്കറ്റ് നേടിയ ആഘോഷത്തിനിടെ നടത്തിയത്.

സാന്‍സി സൂപ്പര്‍ ലീഗില്‍ നടന്ന ടി 20 മത്സരത്തിനിടെയായിരുന്നു സംഭവം. കളിയുടെ എട്ടാം ഓവറില്‍ വിഹാബ് ലൂബെയെ പുറത്താക്കിയപ്പോഴായിരുന്നു ഷാംസിയുടെ മാജിക്. വിക്കറ്റില്‍ ആഹ്ലാദിക്കാന്‍ പോക്കറ്റില്‍ നിന്നും ഒരു ചുവന്ന തൂവാല ഷാംസി പുറത്തെടുത്തു. നിമിഷങ്ങള്‍ക്കുള്ളില്‍ അത് തിളങ്ങുന്ന വടിയായി മാറി. ഇത് കണ്ട എല്ലാവരും ഒരു നിമിഷം അമ്പരന്നു. കളിക്കളത്തിലെ മാജിക് കൊണ്ട് ഷാംസിക്ക് പക്ഷേ സ്വന്തം ടീമിനെ വിജയിപ്പിക്കാനായില്ല. കളിയില്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയെങ്കിലും ഷാംസിയുടെ ടീം ആറ് വിക്കറ്റിന് തോറ്റു.

കുട്ടിക്കാലത്ത് മാന്ത്രികനാകാനായിരുന്നു ഷാംസിയുടെ ആഗ്രഹം. അതിന്റെ ഭാഗമായി പല നുറുങ്ങു വിദ്യകളും വശത്താക്കുകയും ചെയ്തു. അതിലൊന്നാണ് തൂവാല വടിയാക്കി മാറ്റി ഷാംസി ക്രിക്കറ്റ് മൈതാനത്ത് അവതരിപ്പിച്ചത്.