Cricket Sports

മാക്‌സി’മം ഫോമില്‍ മാക്‌സ്‌വെല്ലിന്റെ തിരിച്ചുവരവ്

കോടികള്‍ മുടക്കി ടീമിലെടുത്ത കിങ്‌സ് ഇലവന്‍ പഞ്ചാബ് ഉടമകളുടെ തീരുമാനം ബാറ്റുകൊണ്ട് ശരിവെച്ച് ഗ്ലെന്‍ മാക്‌സ്‌വെല്‍. ബിഗ് ബാഷ് ലീഗില്‍ അതിവേഗ അര്‍ധ സെഞ്ചുറിയുമായാണ് ഇടവേളക്കുശേഷമുള്ള തിരിച്ചുവരവ് മാക്‌സ്‌വെല്‍ ആഘോഷമാക്കിയത്. വെറും 39 പന്തുകളില്‍ നിന്നും മാക്‌സ്‌വെല്‍ 83 റണ്‍സാണ് അടിച്ചുകൂട്ടിയത്.

അന്താരാഷ്ട്ര ക്രിക്കറ്റിലെ അതിസമ്മര്‍ദം തുറന്നുപറഞ്ഞ് ക്രിക്കറ്റില്‍ നിന്നും ഇടവേളയെടുത്തതായിരുന്നു മാക്‌സ്‌വെല്‍. മാക്‌സിയുടെ തുറന്നുപറച്ചിലിനെ അഭിനന്ദിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി അടക്കമുള്ള ക്രിക്കറ്റിലെ പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. ആ ഇടവേളക്കു ശേഷമാണ് ഇപ്പോള്‍ മാക്‌സ്‌വെല്‍ മാക്‌സിമം ഫോമില്‍ തിരിച്ചെത്തിയിരിക്കുന്നത്.

ബിഗ് ബാഷ് ലീഗില്‍ മെല്‍ബണ്‍ സ്റ്റാര്‍സിന്റെ ക്യാപ്റ്റന്‍ കൂടിയായ മാക്‌സ്‌വെല്‍ അഞ്ച് സിക്‌സും ഏഴ് ബൗണ്ടറിയും അടക്കമാണ് 83 റണ്‍ നേടിയത്. ക്യൂന്‍സ്‌ലാന്റില്‍ നടന്ന മത്സരത്തില്‍ ബ്രസ്‌ബേന്‍ ഹീറ്റിനെതിരെയായിരുന്നു മാക്‌സിയുടെ അടിയോടടി. ടീം സ്‌കോറിന്റെ പകുതിയോളം സ്‌കോര്‍ ചെയ്ത മാക്‌സിയുടെ പ്രഹര നിരക്ക് 212.82 ആയിരുന്നു.

വെറും 23 പന്തുകളില്‍ നിന്നാണ് മാക്‌സ്‌വെല്‍ അര്‍ധ സെഞ്ചുറിപൂര്‍ത്തിയാക്കിയത്. കരിയറിലെ ഏറ്റവും മികച്ച അര്‍ധസെഞ്ചുറി പ്രകടനത്തിനൊപ്പമെത്തുന്നതായിരുന്നു അദ്ദേഹത്തിന്റെ തിരിച്ചുവരവിലെ ബാറ്റിംങ്. അവസാന ഓവറിലാണ് ഗ്ലെന്‍ മാക്‌സ്‌വെല്‍ പുറത്തായത്.

വരുന്ന ഐ.പി.എല്‍ സീസണ് മുന്നോടിയായുള്ള ലേലത്തില്‍ മാക്‌സ്‌വെല്ലിനെ 10.75 കോടിരൂപക്കാണ് പഞ്ചാബ് സ്വന്തമാക്കിയത്. ഡല്‍ഹി ക്യാപിറ്റല്‍സുമായി കടുത്ത മത്സരത്തിനൊടുവിലായിരുന്നു മാക്‌സിയെ പഞ്ചാബ് സ്വന്തം ക്യാമ്പിലെത്തിച്ചത്. ലോകകപ്പ് പ്രമാണിച്ച് കഴിഞ്ഞ സീസണില്‍ മാക്‌സ്‌വെല്‍ ഐ.പി.എല്ലില്‍ കളിച്ചിരുന്നില്ല. ആ കുറവും കൂടി നികത്തുന്നതായിരിക്കും ഇക്കുറിയിലെ പ്രകടനമെന്ന് മാക്‌സിയുടെ നിലവിലെ ഫോം വെച്ച് പ്രതീക്ഷിക്കാം.