പുതിയ ക്രിക്കറ്റ് പരിശീലകനെ അന്വേഷിക്കുന്നതിനിടെ, രവി ശാസ്ത്രി തന്നെ തുടരുന്നതാണ് തന്റെ താത്പര്യമെന്ന് അറിയിച്ച് നായകൻ വിരാട് കോഹ്‍ലി രംഗത്ത് വന്നത് മുൻ താരങ്ങളെയും കളി നിരീക്ഷകരെയും തെല്ലൊന്നുമല്ല ചൊടിപ്പിച്ചത്. ലോകകപ്പ് തോൽവിക്ക് ശേഷം ടീം ഉടച്ച് വാർക്കണമെന്ന് പലരും ആവശ്യമുന്നയിക്കുന്നതിനിടെ, വിരാടിന് പിന്തുണയുമായി വിഖ്യാത താരം സൗരവ് ഗാംഗുലി രംഗത്ത്.
ടീമുമായി അടുപ്പമുള്ളയാളാണ് രവി ശാസ്ത്രിയെന്നും, അദ്ദേഹം തന്നെ പരിശീലകനായി തുടരുന്നതാണ് തനിക്ക് താത്പര്യമെന്നും വിൻഡീസ് പര്യടനത്തിന് പുറപ്പെടും മുമ്പ് കോഹ്‍ലി പറഞ്ഞിരുന്നു. പുതിയ കോച്ചിനെ തെരഞ്ഞെടുക്കുന്ന ഉപദേശക സമിതി ഇതുവരെയും തന്നെ സമീപിച്ചിട്ടില്ലെന്നും, തന്റെ അഭിപ്രായം ചോദിച്ചാൽ താൻ രവി ശാസ്ത്രിയെ പിന്തുണക്കുമെന്നും കോഹ്‍ലി പറഞ്ഞു.
എന്നാൽ ക്യാപ്റ്റൻ എന്ന നിലയിൽ കോഹ്‍ലിക്ക് ടീമിന്റെ പരിശീലകനെ കുറിച്ച് പറയാനുള്ള അവകാശമുണ്ടെന്നായിരുന്നു വിമർശകരോട്
ഗാംഗുലി പറഞ്ഞത്. വ്യക്തകൾക്ക് ഓരോരുത്തർക്കും ഇതിനെ കുറിച്ച് അവരുടെ അഭിപ്രായമുണ്ടാകുമെന്നും ഗാംഗുലി പറഞ്ഞു. മുൻ ഇന്ത്യൻ ടീം നായകരായ കപിൽ ദേവ്, ശാന്ത രംഗസ്വാമി, മുൻ ബാറ്റ്സ്മാൻ ഗയ്ക്വാദ് എന്നിവരടങ്ങിയ ക്രിക്കറ്റ് ഉപദേശക സമിതിയാണ് പുതിയ പരിശീലകനെ തെരഞ്ഞെടുക്കുന്നത്.
ടീമിന്റെ വെസ്റ്റ് ഇന്‍ഡീസ് പര്യടനം തീരുന്നത് വരെയാണ് നിലവിലെ അംഗങ്ങളുടെ കാലാവധി. എന്നാൽ വിരാട് കോഹ്‍ലിയുടെ അഭിപ്രായം കമ്മറ്റിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ടുള്ളതല്ലെന്നും, കൂടുതൽ അഭിമുഖങ്ങൾക്ക് ശേഷമേ പുതിയ തെരഞ്ഞെടുപ്പ് ഉണ്ടാവുകയുള്ളു എന്നുമാണ് ഗയ്ക്വാദ് പറഞ്ഞത്.