Cricket Sports

ഗാംഗുലിയും ജയ് ഷായും ബിസിസിഐയിൽ നിന്ന് പുറത്തേക്കെന്ന് റിപ്പോർട്ട്

പ്രസിഡൻ്റ് സൗരവ് ഗാംഗുലിയും ജനറൽ സെക്രട്ടറി ജയ് ഷായും ബിസിസിഐയിൽ നിന്ന് പുറത്തേക്കെന്ന് റിപ്പോർട്ട്. ഇക്കൊല്ലം ഒക്ടോബറിൽ ഇരുവരുടെയും മൂന്ന് വർഷ കാലാവധി അവസാനിക്കും. ഇതോടെ ഇവർ പുറത്താകുമെന്നാണ് റിപ്പോർട്ട്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

അതേസമയം, നാളെ ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര ആരംഭിക്കും. മൂന്ന് മത്സരങ്ങളാണ് പരമ്പരയിൽ ഉള്ളത്. ജനുവരി 23നാണ് അവസാന മത്സരം. ടെസ്റ്റ് പരമ്പര ഒന്നിനെതിരെ രണ്ട് മത്സരങ്ങൾക്ക് പരാജയപ്പെട്ടതിനാൽ ഇന്ത്യക്ക് ഏകദിന പരമ്പരയിൽ വിജയിക്കേണ്ടത് വളരെ അത്യാവശ്യമാണ്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അപ്രതീക്ഷിത പരമ്പര തോൽവിക്ക് പിന്നാലെ കോലി ടെസ്റ്റ് നായക സ്ഥാനം രാജിവച്ചിരുന്നു. ട്വിറ്ററിലൂടെയായിരുന്നു കോലിയുടെ രാജി പ്രഖ്യാപനം. ഹൃദയ സ്പർശിയായ കുറിപ്പിലൂടെയായിരുന്നു പ്രഖ്യാപനം. ബിസിസിഐക്കും, മുൻ മുഖ്യ പരിശീലകൻ രവി ശാസ്ത്രിക്കും, മുൻ ക്യാപ്റ്റൻ എംഎസ് ധോണിക്കും രാജി കുറിപ്പിൽ വിരാട് കോലി നന്ദി അറിയിച്ചു.

2014 ലാണ് വിരാട് കോലി മുഴുവൻ സമയം ക്യാപ്റ്റനായി കളത്തിലിറങ്ങുന്നത്. ഇന്ത്യയ്ക്ക് ഏറ്റവുമധികം ജയം നേടിത്തന്ന ക്യാപ്റ്റനെന്ന് വിരാട് കോലിയെ അടയാളപ്പെടുത്താം. നയിച്ച 68 ടെസ്റ്റുകളിൽ നാൽപ്പതും വിജയമായിരുന്നു.