Cricket Sports

ലോകകപ്പില്‍ കമന്റേറ്ററായി ഗാംഗുലിയും

ഇംഗ്ലണ്ട് ലോകകപ്പിനുള്ള കമന്റേറ്റര്‍മാരുടെ പട്ടിക ഐ.സി.സി പുറത്തുവിട്ടു. സൗരവ് ഗാംഗുലിക്ക് പുറമേ ഹര്‍ഷ ബോഗ്ലെയും സഞ്ജയ് മഞ്ജരേക്കറുമാണ് പട്ടികയില്‍ ഇടം നേടിയ ഇന്ത്യക്കാരായ കമന്റേറ്റര്‍മാര്‍. മെയ് 30ന് യു.കെയില്‍ ആരംഭിക്കുന്ന ലോകകപ്പിനായി 24 അംഗ കമന്റേറ്റര്‍മാരുടെ പട്ടികയാണ് ഐ.സി.സി പുറത്തിറക്കിയിരിക്കുന്നത്.

24 അംഗ ഐ.സി.സി കമന്റേറ്റര്‍മാര്‍ക്ക് പുറമേ പ്രാദേശിക ഭാഷകളില്‍ കമന്റേറ്റര്‍മാരെ ഉള്‍പ്പെടുത്താന്‍ ബ്രോഡ്കാസ്‌റ്റേഴ്‌സിന് അനുമതിയുണ്ടാകും. കുമാര്‍ സംഗക്കാര മാത്രമാണ് ശ്രീലങ്കയില്‍ നിന്നുള്ള ഏക കമന്റേറ്റര്‍. പാകിസ്താനില്‍ നിന്നും വസിം അക്രവും റമീസ് രാജയും ബംഗ്ലാദേശില്‍ നിന്നും അതര്‍ അലി ഖാനും പാനലില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

മൂന്ന് വനിതാ കമന്റേറ്റര്‍മാരും പട്ടികയിലുണ്ട്. ഇഷാ ഗുഹ, മെലാനി ജോണ്‍സ്, അലിസണ്‍ മിച്ചല്‍ എന്നിവരാണ് ലോകകപ്പിനെത്തുന്ന വനിതാ കമന്റേറ്റര്‍മാര്‍. 2015ല്‍ ആസ്‌ട്രേലിയയെ ലോകജേതാക്കളാക്കിയ മൈക്കല്‍ ക്ലാര്‍ക്കും ഇത്തവണ കമന്റേറ്ററായി അരങ്ങേറും.