Cricket

മികച്ച തുടക്കത്തിനു ശേഷം തകർന്ന് പാകിസ്താൻ; ആദ്യ ടി-20യിൽ ഇംഗ്ലണ്ട് യുവനിരയ്ക്ക് ജയം

പാകിസ്താനെതിരായ ആദ്യ ടി-20യിൽ ഇംഗ്ലണ്ടിനു ജയം. ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ മുന്നോട്ടുവച്ച 159 റൺസ് വിജയലക്ഷ്യം 4 പന്തും 6 വിക്കറ്റും ബാക്കിനിൽക്കെ ഇംഗ്ലണ്ട് മറികടന്നു. മുഹമ്മദ് റിസ്വാൻ (68) പാകിസ്താൻ്റെ ടോപ്പ് സ്കോററായപ്പോൾ അലക്സ് ഹെയിൽസ് (53) ആണ് ഇംഗ്ലണ്ടിൻ്റെ ടോപ്പ് സ്കോറർ. പാകിസ്താൻ്റെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ ലുക്ക് വുഡ് ആണ് കളിയിലെ താരം.

മികച്ച തുടക്കമാണ് പാകിസ്താനു ലഭിച്ചത്. ഓപ്പണിംഗിലെ മെല്ലെപ്പോക്കുകളുടെ പേരിൽ ഏറെ വിമർശനം നേരിട്ടിരുന്ന ബാബർ അസമും മുഹമ്മദ് റിസ്വാനും തുടക്കം മുതൽ ആക്രമിച്ചുകളിച്ചതോടെ സ്കോർ ഉയർന്നു. പവർ പ്ലേയിൽ 51 റൺസ് കൂട്ടിച്ചേർത്ത സഖ്യം 85 റൺസിൻ്റെ കൂട്ടുകെട്ടിലാണ് പങ്കാളികളായത്. ഇതിനിടെ 32 പന്തുകളിൽ റിസ്വാൻ ഫിഫ്റ്റിയടിച്ചു. തൊട്ടടുത്ത ഓവറിൽ സഖ്യം വേർപിരിഞ്ഞു. 24 പന്തുകളിൽ 31 റൺസെടുത്ത അസമിനെ 10ആം ഓവറിൽ ആദിൽ റഷീദ് മടക്കി.

ഹൈദർ അലി (11), ഷാൻ മസൂദ് (7) എന്നിവർ വേഗം മടങ്ങി. ഇതിനിടെ മികച്ച ഫോമിൽ ബാറ്റ് ചെയ്തിരുന്ന റിസ്വാനും പുറത്തായതോടെ പാകിസ്താൻ പരുങ്ങലിലായി. ഇഫ്തിക്കാർ അഹ്‌മദ് (28) മാത്രമാണ് പിന്നീട് മികച്ച പ്രകടനം നടത്തിയത്. മുഹമ്മദ് നവാസ് (4), നസീം ഷാ (0) എന്നിവരൊക്കെ വേഗം പുറത്തായി.

മറുപടി ബാറ്റിംഗിൽ ഫിലിപ് സാൾട്ട് (10) പെട്ടെന്ന് പുറത്തായെങ്കിലും അലക്സ് ഹെയിൽസിൻ്റെ തകർപ്പൻ ബാറ്റിംഗ് ഇംഗ്ലണ്ടിനു മേൽക്കൈ നൽകി. ഡേവിഡ് മലാൻ (20), ബെൻ ഡക്കറ്റ് (21) എന്നിവർ ശ്രദ്ധേയമായ സംഭാവനകൾ നൽകി മടങ്ങി. 42 റൺസെടുത്ത് പുറത്താവാതെ നിന്ന ഹാരി ബ്രൂക്ക് ആണ് ഇംഗ്ലണ്ടിനു വിജയം സമ്മാനിച്ചത്. ഏഷ്യാ കപ്പിൽ തിളങ്ങിയ പാക് യുവ പേസർ നസീം ഷാ 4 ഓവറിൽ 41 വഴങ്ങി വിക്കറ്റൊന്നും വീഴ്ത്താനായില്ല.