Cricket Sports

ഇംഗ്ലണ്ടിനെതിരെ പാകിസ്താന് ജയം

ലോകകപ്പ് ക്രിക്കറ്റിലെ ആവേശപ്പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെതിരെ പാകിസ്താന് 14 റണ്‍സ് ജയം. 349 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ആതിഥേയര്‍ക്ക് 9 വിക്കറ്റ് നഷ്ടത്തില്‍ 334 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ജോ റൂട്ടും ജോസ് ബട്‌ലറും സെഞ്ച്വറി നേടിയെങ്കിലും ലക്ഷ്യത്തിലെത്താനായില്ല.

ആദ്യ മത്സരത്തില്‍ അടി പതറിയെങ്കിലും ശക്തമായ തിരിച്ചുവരവാണ് പാക് ടീം നടത്തിയിരുന്നത്. നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 348 റണ്‍സ് നേടിയത്. 84(62 പന്തില്‍) റണ്‍സ് നേടിയ മുഹമ്മദ് ഹഫീസും 55(44 പന്തില്‍) റണ്‍സ് നേടിയ നായകന്‍ സര്‍ഫറാസ് അഹമ്മദും 63(66 പന്തില്‍ ) റണ്‍സ് നേടിയ ബാബര്‍ അസമും അത്മവിശ്വാസത്തോടെ ബാറ്റ് വീശിയപ്പോള്‍ ഇംഗ്ലണ്ടിനെതിരെ സുരക്ഷിതമായ ഒരു ടോട്ടലിലേക്കുള്ള പ്രയാണം പാകിസ്താന് എളുപ്പമാവുകയായിരുന്നു.

ഇംഗ്ലണ്ടിനായി മുഈന്‍ അലിയും ക്രിസ് വോക്സും മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. മാര്‍ക്ക് വുഡ് രണ്ട് വിക്കറ്റുകള്‍ നേടി. എന്നാല്‍ മറുപടി ബാറ്റിങില്‍ ഇംഗ്ലണ്ടിന് തുടക്കം തന്നെ പാളി. 118 റണ്‍സെടുക്കുന്നതിനിടെ നാല് വിക്കറ്റുകള്‍ വീണു. അഞ്ചാം വിക്കറ്റില്‍ ജോസ് ബട്ട് ലര്‍- ജോ റൂട്ട് സഖ്യം ടീമിനെ കരകയറ്റി. ഇരുവരും സെഞ്ച്വറി നേടിയെങ്കിലും ജയിപ്പിക്കാനായില്ല. പാകിസ്താനായി വഹാബ് റിയാസ് മൂന്ന് വിക്കറ്റ് വീഴ്ത്തി. രണ്ട് വിക്കറ്റുമായി ഷദബ് ഖാന്‍, മുഹമ്മദ് ആമിര്‍ എന്നിവര്‍ പിന്തുണ കൊടുത്തു. അവസാന ഓവറുകളില്‍ ബൗളര്‍മാര്‍ ചിട്ടയായി പന്തെറിഞ്ഞതാണ് പാകിസ്താന് ജയമൊരുക്കിയത്.