Cricket Sports

ഇംഗ്ലണ്ട് ബംഗ്ലാദേശിനേയും ന്യൂസിലാന്റ് അഫ്ഗാനേയും നേരിടും

ലോകകപ്പില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. ആതിഥേയരായ ഇംഗ്ലണ്ട് ബംഗ്ലാദേശിനെ നേരിടും. വൈകീട്ട് മൂന്നിന് കാര്‍ഡിഫിലെ സോഫിയാ ഗാര്‍ഡന്‍സിലാണ് മത്സരം. വൈകീട്ട് ആറിന് നടക്കുന്ന മത്സരത്തില്‍ ന്യൂസിലാന്‍ഡിന് അഫ്ഗാനാണ് എതിരാളി.

മൂന്നാം മത്സരത്തിനാണ് ഇംഗ്ലണ്ടും ബംഗ്ലാദേശും നേര്‍ക്കുനേര്‍ വരുന്നത്. രണ്ട് ടീമും ഓരോ കളി ജയിക്കുകയും തോല്‍ക്കുകയും ചെയ്തു. രണ്ട് ടീമുകളുടെയും ജയം ദക്ഷിണാഫ്രിക്കക്കെതിരെയായിരുന്നു. ടീം ഘടനയും പ്രകടനവും കണക്കാക്കുമ്പോള്‍ ഇംഗ്ലണ്ടിന് തന്നെയാണ് വിജയസാധ്യത. എന്നാല്‍ ദക്ഷിണാഫ്രിക്കക്കെതിരെ മുന്നൂറിലധികം റണ്‍സ് സ്‌കോര്‍ ചെയ്ത ബംഗ്ലാ കടുവകള്‍ ടീമെന്ന നിലയില്‍ നന്നായി കളിക്കുന്നുണ്ട്.

ന്യൂസിലാന്‍ഡിനോട് കീഴടങ്ങിയത് മികച്ച പ്രകടനം കാഴ്ചവെച്ചതിന് ശേഷവും. ഇംഗ്ലണ്ട് പാകിസ്താനോട് തോല്‍വി വഴങ്ങിയാണ് എത്തുന്നത്. മുന്നൂറിലധികം റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ വെമ്പല്‍ കൂട്ടുന്നവരാണ് ഇംഗ്ലീഷ് നിര. ബാറ്റിങ്ങാണ് അവരുടെ കരുത്ത്.

രണ്ടാം മത്സരത്തില്‍ ന്യൂസിലാന്‍ഡ് അഫ്ഗാനെ നേരിടും. കളിച്ച രണ്ട് മത്സരവും ജയിച്ച കിവീസ് ശക്തമാണ്. ബാറ്റിങ്ങും ബൌളിങ്ങും സ്ഥിരത പുലര്‍ത്തുന്നു. ടെയ്‌ലറും, കെയ്ന്‍ വില്യംസണും മാര്‍ട്ടിന്‍ ഗപ്റ്റിലും മികച്ച ഫോമിലാണ്. വിക്കറ്റ് വേട്ടയില്‍ മുന്നില്‍ നില്‍ക്കുന്ന മാറ്റ് ഹെന്‍ റിയും ട്രെന്റ് ബോള്‍ട്ടും കരുത്താകുന്നു.

അഫ്ഗാന്‍ കളിച്ച രണ്ട് കളിയും തോറ്റവരാണ്. നജീബുള്ള സദ്‌റാന്‍ മാത്രമാണ് കഴിഞ്ഞ മത്സരങ്ങളില്‍ അഫ്ഗാനായി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചിട്ടുള്ളത്. അതേസമയം, പരിക്കേറ്റ ഓപ്പണര്‍ മുഹമ്മദ് ഷഹ്‌സാദിന് അവശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാകും.