പാകിസ്താൻ പര്യടനത്തിൽ നിന്ന് ന്യൂസിലൻഡിന് പിന്നാലെ ഇംഗ്ലണ്ടും പിൻമാറി. സുരക്ഷാ കാരണങ്ങളാലാണ് ഇംഗ്ലണ്ടിന്റെ പിൻമാറ്റം. ഒക്ടോബറിലാണ് പരമ്പര നടക്കേണ്ടത്. ഒക്ടോബറിൽ രണ്ട് ടി20 മത്സരങ്ങൾക്കായി ഇംഗ്ലണ്ട് പാകിസ്താനിലെത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ താരങ്ങളുടേയും സപ്പോർട്ട് സ്റ്റാഫിന്റെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നൽകുന്നതെന്ന് ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി.
ന്യൂസീലൻഡിനു പിന്നാലെ ഇംഗ്ലണ്ടും പാക് പര്യടനത്തിൽ നിന്ന് പിന്മാറിയേക്കുമെന്ന വാർത്ത വന്നിരുന്നു, എന്നാൽ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിരുന്നില്ല. അടുത്ത മാസം നടത്താനിരിക്കുന്ന പര്യടനത്തിൽ നിന്ന് ഇംഗ്ലണ്ട് പിന്മാറിയേക്കുമെന്നായിരുന്നു റിപ്പോർട്ട്.
പാകിസ്താനിൽ എത്തി മത്സരം തുടങ്ങുന്നതിന് തൊട്ടു മുൻപാണ് ന്യൂസിലൻഡ് ടീം കഴിഞ്ഞയാഴ്ച നാട്ടിലേക്ക് മടങ്ങിയത്. എന്നാൽ ഈ വർഷമാദ്യം ദക്ഷിണാഫ്രിക്ക പാകിസ്ഥാനിൽ കളിച്ചിരുന്നു.
പാകിസ്താൻ പര്യടനത്തിൽ നിന്ന് പിൻമാറാനുള്ള ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ തീരുമാനം മുൻനായകൻ മൈക്കൽ വോൺ സ്വാഗതം ചെയ്തു. താരങ്ങളുടെ സുരക്ഷയാണ് പ്രധാനമെന്നും മത്സരങ്ങൾ യുഎഇയിൽ നടത്താൻ ശ്രമിക്കണമെന്നും വോൺ പറഞ്ഞു.
അതേസമയം, പര്യടനത്തിൽ നിന്ന് പിന്മാറിയ ന്യൂസീലൻഡിനെതിരെ ഐസിസിക്ക് പരാതി നൽകുമെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. ന്യൂസീലൻഡ് ക്രിക്കറ്റ് ബോർഡിൻ്റെ നടപടിക്കെതിരെ ഐസിസിയെ സമീപിക്കുമെന്ന് പിസിബി ചെയർമാൻ റമീസ് രാജ പറഞ്ഞു. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് റമീസ് രാജ മുന്നറിയിപ്പ് നൽകിയത്.