എമര്‍ജിങ് ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യന്‍ യുവനിരയെ തകര്‍ത്ത് പാകിസ്ഥാന്. 128 റണ്‍സിനാണ് പാകിസ്ഥാന്‍ ജയിച്ചത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 352 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യന്‍ യുവനിരയ്ക്ക് 40 ഓവറില്‍ 224 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. അഭിഷേക് ശര്‍മ്മ മാത്രമായിരുന്നു ഇന്ത്യന്‍ നിരയില്‍ പൊരുതി (51 പന്തില്‍ 61 റണ്‍സ്) നില്‍ക്കാന്‍ കഴിഞ്ഞത്. ഫൈനലില്‍ ബാറ്റര്‍മാര്‍ കൂട്ടത്തോടെ നിറം മങ്ങിയതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്.
പാകിസ്ഥാനായി സൂഫിയന്‍ മുഖീം 10 ഓവറില്‍ 66 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. മെഹ്‌റാന്‍ മുംതാസ്, അര്‍ഷാദ് ഇഖ്ബാല്‍, മുഹമ്മദ് വസിം ജൂനിയര്‍ എന്നിവര്‍ രണ്ടും മുബാസിര്‍ ഖാന്‍ ഒരു വിക്കറ്റും വീഴ്ത്തി. തയ്യബ് താഹിറിന്റെ വെടിക്കെട്ട് സെഞ്ചുറിയാണ് പാകിസ്ഥാന്‍ കൂറ്റന്‍ റണ്‍സ് നേടിയത്.
71 പന്തുകള്‍ നേരിട്ട തയബ് താഹിര്‍ 108 റണ്‍സെടുത്തു പുറത്തായി. 66 പന്തുകളില്‍നിന്നാണു താരം സെഞ്ചറി നേടിയത്. 12 ഫോറും നാലു സിക്‌സുമാണ് താഹിറിന്റെ കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിലെ പ്രകടനം.
51 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും സഹിതം 61 റണ്‍സെടുത്ത ഓപ്പണര്‍ അഭിഷേക് ശര്‍മ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ അര്‍ധസെഞ്ചറി കടന്നത്. 41 പന്തില്‍ നാലു ഫോറുകളോടെ 39 റണ്‍സെടുത്ത ക്യാപ്റ്റന്‍ യഷ് ദൂലാണ് രണ്ടാമത്തെ ടോപ് സ്‌കോറര്‍. ഇന്ത്യയ്ക്കായി ഓള്‍ റൗണ്ടര്‍ റിയാന്‍ പരാഗ്, രാജ്‌വര്‍ധന്‍ ഹംഗര്‍ഗേക്കര്‍ എന്നിവര്‍ രണ്ടു വിക്കറ്റു വീതം വീഴ്ത്തി.