രൂക്ഷമായ അന്തരീക്ഷ മലിനീകരണത്തെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച രാജ്യ തലസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. സ്കൂളുകളും മറ്റും ഇതേത്തുടര്‍ന്ന് അടച്ചിട്ടു. ഡല്‍ഹിയെ വിഷപ്പുക ശ്വാസംമുട്ടിക്കുമ്പോഴായിരുന്നു കഴിഞ്ഞ ദിവസം ഇന്ത്യ – ബംഗ്ലാദേശ് ട്വന്റി 20 മത്സരം അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്നത്.
മത്സരത്തില്‍ ബംഗ്ലാദേശ് ചരിത്ര വിജയം സ്വന്തമാക്കിയെങ്കിലും കളിക്കാര്‍ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിയത്. ‘വിഷപ്പുക’ ശ്വസിച്ചതിനെ തുടര്‍ന്ന് ബംഗ്ലാദേശിന്റെ ഓപ്പണര്‍ സൌമ്യ സര്‍ക്കാര്‍ അടക്കം രണ്ടു താരങ്ങള്‍ ഫീല്‍ഡില്‍ ഛര്‍ദ്ദിച്ചുവെന്നാണ് ഏറ്റവുമൊടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ക്രിക്ഇന്‍ഫോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ബംഗ്ലാദേശ് ഇന്നിങ്സിനിടെയായിരുന്നു സംഭവം. മത്സരത്തില്‍ സര്‍ക്കാര്‍ നിര്‍ണായകമായ 35 റണ്‍സ് നേടിയിരുന്നു.