ശ്രീലങ്കയ്ക്കെതിരായ മൂന്നാം ടി20 യില്‍ 78 റണ്‍സിന്റെ വിജയമാണ് ഇന്ത്യ നേടിയത്. മൂന്നു മത്സരങ്ങളടങ്ങിയ പരമ്ബരയിലെ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. രണ്ടാം മത്സരത്തില്‍ ഇന്ത്യയ്ക്കായിരുന്നു ജയം. ഇന്നലെ നടന്ന മൂന്നാം മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 201 പിന്തുടര്‍ന്ന ലങ്ക 123 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. ഇതോടെ ഇന്ത്യ 2-0ന് പരമ്ബര സ്വന്തമാക്കി.
ഇന്നലത്തെ മത്സരം ഏറെ ശ്രദ്ധേയമായത് പ്ലേയിങ് ഇലവനില്‍ സഞ്ജു സാംസണ് ഇടം നേടിയതിലൂടെയായിരുന്നു. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും സഞ്ജുവിനെ പുറത്തിരുത്തുകയാണ് ചെയ്തത്. ഇന്നലെ റിഷഭ് പന്തിന് പകരമായിട്ടാണ് സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്.
പക്ഷേ, സഞ്ജുവിന് മത്സരത്തില്‍ തിളങ്ങാനായില്ല. ആദ്യ ബോളില്‍ സിക്സ് ഉയര്‍ത്തി ആരാധകര്‍ക്ക് പ്രതീക്ഷയേകിയ സഞ്ജു, രണ്ടാമത്തെ ബോളില്‍ എല്‍ബിഡബ്ല്യുവിലൂടെ പുറത്തായി. മത്സരത്തില്‍ ഇന്ത്യ ജയിച്ചെങ്കിലും സഞ്ജുവിന്റെ പുറത്താകല്‍ ആരാധകര്‍ക്കേറെ നിരാശയേകുന്നതായിരുന്നു. ഇതിനുശേഷം നടന്ന ഇന്ത്യന്‍ ആഘോഷത്തില്‍ സഞ്ജുവിനെ കാണാനായില്ല. ട്രൊഫിക്കൊപ്പമുളള ടീം ഫൊട്ടോയില്‍ സഞ്ജുവിന്റെ അസാന്നിധ്യം ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയ്ക്കിടയാക്കി.
ഇതിന്റെ കാരണം മായങ്ക് അഗര്‍വാളിന്റെ ട്വിറ്റര്‍ പോസ്റ്റിലൂടെയാണ് വ്യക്തമായത്. മത്സരം കഴിഞ്ഞതും സഞ്ജു ന്യൂസിലന്‍ഡിലേക്ക് പരിശീലന മത്സരത്തിനായി പോകുന്ന ഇന്ത്യ എ ടീമിനൊപ്പം ചേരുകയായിരുന്നു. മായങ്ക് അഗര്‍വാള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വിമാനത്തില്‍നിന്നുളള ഇന്ത്യ എ ടീമിനൊപ്പമുളള ഫൊട്ടോയില്‍ സഞ്ജുവും ഉണ്ടായിരുന്നു. ജനുവരി 17 ന് തുടങ്ങുന്ന പരമ്ബരയ്ക്കു മുന്‍പായി ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ എയ്ക്ക് പരിശീലന മത്സരമുണ്ട്.