Cricket

ക്യാപ്റ്റൻസി മാറ്റം: ജഡേജയും മാനേജ്മെന്റുമായി അസ്വാരസ്യമെന്ന റിപ്പോർട്ടുകൾ തള്ളി സിഇഒ

ഓൾറൗണ്ടർ രവീന്ദ്ര ജഡേജയും ചെന്നൈ സൂപ്പർ കിംഗ്സ് മാനേജ്മെൻ്റുമായി അസ്വാരസ്യമെന്ന റിപ്പോർട്ടുകൾ തള്ളി ക്ലബ് സിഇഒ കാശി വിശ്വനാഥൻ. പരുക്ക് പറ്റിയതിനാലാണ് ജഡേജയെ ടീമിൽ നിന്ന് ഒഴിവാക്കിയതെന്നും ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ ഭാവി പദ്ധതികളിൽ ജഡേജ ഉൾപ്പെട്ടിട്ടുണ്ടെന്നും കാശി വിശ്വനാഥ് പറഞ്ഞതായി ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

“ഞാൻ സമൂഹമാധ്യമങ്ങളിൽ അങ്ങനെ കാര്യമായൊന്നും പിന്തുടരുന്നില്ല. എന്താണ് അവിടെ നടക്കുന്നതെന്ന് എനിക്കറിയില്ല. മാനേജ്മെൻ്റിൻ്റെ ഭാഗത്തുനിന്ന് ഒരു പ്രശ്നവുമില്ല. സിഎസ്കെയുടെ ഭാവി പരിപാടികളിൽ ജഡേജ എല്ലായ്പ്പോഴും ഉണ്ട്. ആർസിബിയ്ക്കെതിരായ മത്സരത്തിലാണ് ജഡേജയ്ക്ക് പരുക്കേറ്റത്. പിന്നീട് ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ ജഡേജ കളിച്ചില്ല. ഡോക്ടർമാർ പറഞ്ഞതിനലാണ് അദ്ദേഹം ഐപിഎൽ വിട്ടത്. ജഡേജ വീട്ടിലേക്ക് തിരികെപോകും.”- കാശി വിശ്വനാഥൻ പറഞ്ഞു.

സീസണിൽ എംഎസ് ധോണിക്ക് പകരം രവീന്ദ്ര ജഡേജ ആയിരുന്നു ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ ക്യാപ്റ്റൻ. എന്നാൽ, ടീമിൻ്റെ മോശം പ്രകടനങ്ങളെ തുടർന്ന് വീണ്ടും ധോണി ക്യാപ്റ്റനായി സ്ഥാനമേറ്റു. ക്യാപ്റ്റൻസിയുടെ സമ്മർദ്ദം ജഡേജയെ ബാധിക്കുന്നു എന്നാണ് ഈ തീരുമാനത്തിനു ധോണി നൽകിയ വിശദീകരണം. തന്നെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റിയതിൽ ജഡേജയ്ക്ക് അസ്വാരസ്യമുണ്ടായിരുന്നു എന്നും അതേ തുടർന്നാണ് താരം ക്ലബ് വിട്ടത് എന്നുമായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ. ഈ റിപ്പോർട്ടുകളെയാണ് ചെന്നൈ സിഇഒ തള്ളിയത്.