മുംബൈ ഇന്ത്യൻസ് നിരയിൽ ജോഫ്ര ആർച്ചറിനു പകരക്കാരനായി ഇംഗ്ലണ്ട് പേസർ ക്രിസ് ജോർഡൻ. പരുക്കിൽ നിന്ന് മുക്തനായികൊണ്ടിരിക്കുന്ന ജോഫ്ര ആർച്ചർ നാട്ടിലേക്ക് മടങ്ങുമെന്ന് മുംബൈ ഇന്ത്യൻസ് തങ്ങളുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ അറിയിച്ചു. നേരത്തെ തന്നെ ജോർഡൻ നെറ്റ് ബൗളറായി മുംബൈ ഇന്ത്യൻസിനൊപ്പം ചേർന്നിരുന്നു.
ഐപിഎലിൽ ഇന്ന് മുംബൈ ഇന്ത്യൻസ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. ഇരു ടീമുകൾക്കും 10 പോയിൻ്റ് വീതമുള്ളതിനാൽ ഇന്ന് ആരു ജയിച്ചാലും ആ ടീം പോയിൻ്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തും. അതുകൊണ്ട് തന്നെ ടൂർണമെൻ്റിലെ തന്നെ ഏറ്റവും നിർണായക മത്സരമാണ് ഇത്.
രോഹിത് ശർമയുടെയും ഇഷാൻ കിഷൻ്റെയും മോശം ഫോം, ദുർബലമായ ബൗളിംഗ് നിര, പഎന്നിങ്ങനെ മാനേജ്മെൻ്റിനു തലവേദനയാകുന്ന പല കാര്യങ്ങളുണ്ട് മുംബൈക്ക്. തിലക് വർമ, സൂര്യകുമാർ യാദവ്, നേഹൽ വധേര, ഒരു പരിധി വരെ കാമറൂൺ ഗ്രീൻ എന്നിവരാണ് മുംബൈ ബാറ്റിംഗിൻ്റെ കരുത്ത്. കഴിഞ്ഞ കളി പരുക്കേറ്റ് പുറത്തിരുന്ന തിലക് ടീമിൽ മടങ്ങിയെത്തിയേക്കും. അർഷദ് ഖാനെ പുറത്തിരുത്തി സന്ദീപ് വാര്യർ കളിച്ചേക്കാനും ഇടയുണ്ട്. ആർച്ചർ മടങ്ങുമെന്നതിനാൽ ജോർഡൻ കളിച്ചേക്കാനും ഇടയുണ്ട്.
പറഞ്ഞുപഴകിയ കാര്യങ്ങൾ തന്നെയാണ് ബാംഗ്ലൂരിൻ്റെ പ്രശ്നം. ആദ്യ മൂന്ന് നമ്പറിലെ താരങ്ങൾ കഴിഞ്ഞാൽ പിന്നെ ബാറ്റിംഗ് നിര ഫ്രീ വിക്കറ്റാണ്. കഴിഞ്ഞ കളി മഹിപാൽ ലോംറോർ നേടിയ ഫിഫ്റ്റി ഇതിനൊരു അപവാദമാണ്. സീസണിൽ, ആർസിബിയുടെ ആദ്യ മൂന്ന് താരങ്ങളല്ലാതെ ഫിഫ്റ്റി നേടുന്ന ഒരേയൊരു താരമാണ് ലോംറോർ. വിരാട് കോലിയുടെ ആങ്കറിംഗ് ടീമിന് വലിയ ഗുണമാവുന്നില്ല. കേദാർ ജാദവ് എത്തുമെന്നതിനാൽ മധ്യനിര ശക്തമായേക്കും. മുഹമ്മദ് സിറാജ്, ജോഷ് ഹേസൽവുഡ് എന്നിവരടങ്ങിയ പേസ് ആക്രമണം മൂർച്ചയുള്ളതാണ്. വനിന്ദു ഹസരങ്ക ഇതുവരെ പഴയ ഫോമിലെത്തിയിട്ടില്ല. ഹർഷൽ പട്ടേൽ ഡെത്ത് ഓവർ സ്പെഷ്യലിസ്റ്റ് എന്ന ടാഗും പേറി തല്ലുവാങ്ങി ജീവിക്കുന്നു. ടീമിൽ മാറ്റമുണ്ടാവില്ല.