ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ എട്ടുവിക്കറ്റിന് പരാജയപ്പെടുത്തി ചെന്നൈ സൂപ്പര്‍ കിങ്‌സ് സീസണിലെ നാലാം വിജയം സ്വന്തമാക്കി. 146 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ചെന്നൈയ്ക്ക് വേണ്ടി ഋതുരാജ്, അമ്പാട്ടി റായുഡു, ഡുപ്ലെസി തുടങ്ങിയവരുടെ ബാറ്റിങ് മികവിലാണ് ചെന്നൈ അനായാസം വിജയത്തിലെത്തിയത്. എട്ടു പന്തുകള്‍ ബാക്കിനില്‍ക്കെയാണ് ചെന്നൈ വിജയത്തിലെത്തിയത്. യുവതാരം ഋതുരാജ് ഗെയ്ക്‌വാദ് 51 പന്തുകളില്‍ നിന്നും പുറത്താവാതെ 65 റണ്‍സ് നേടി തിളങ്ങി.
ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സെടുത്തു. അര്‍ധസെഞ്ചുറി നേടിയ കോഹ്ലിയും ഡിവില്ലിയേഴ്‌സും ചേര്‍ന്നാണ് ബാംഗ്ലൂരിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. ചെന്നൈ ബൗളര്‍മാരുടെ മികച്ച പ്രകടനമാണ് ബാംഗ്ലൂരിനെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിന് വേണ്ടി ഭേദപ്പെട്ട തുടക്കമാണ് ഓപ്പണര്‍മാരായ ഫിഞ്ചും ദേവ്ദത്തും ചേര്‍ന്ന് നല്‍കിയത്. എന്നാല്‍ നാലാം ഓവറില്‍ സ്‌കോര്‍ 31-ല്‍ നില്‍ക്കെ ഫിഞ്ചിനെ പുറത്താക്കി കഴിഞ്ഞ മത്സരത്തിലെ ഹീറോ സാം കറന്‍ ചെന്നൈയ്ക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചു. കൂറ്റനടിയ്ക്ക് ശ്രമിച്ച ഫിഞ്ചിന്റെ ശ്രമം പാളുകയായിരുന്നു. ഫിഞ്ച് മടങ്ങിയതിനുശേഷം ക്രീസിലെത്തിയത് ക്യാപ്റ്റന്‍ കോഹ്ലിയാണ്.
പിന്നീട് ദേവ്ദത്ത് പുറത്താവുന്നതോടെ ഡിവില്ലിയേഴ്‌സും കോഹ്ലിയും ചേര്‍ന്ന് സ്‌കോര്‍ 50 കടത്തി. ഇരുവരും തകര്‍ച്ചയില്‍ നിന്നും ബാംഗ്ലൂരിനെ രക്ഷിച്ചു.
സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ ചെന്നൈ ബൗളര്‍മാര്‍ നന്നായി ബൗള്‍ ചെയ്തു. ഇരുവരും പൊരുതിയെങ്കിലും ആക്രമിച്ച് കളിക്കാന്‍ സാധിച്ചില്ല. അതുകൊണ്ട് ഒരു പൊരുതാവുന്ന സ്കോറിലെത്തിക്കാന്‍ ഇവര്‍ക്കായില്ല.
39 റണ്‍സെടുത്ത ഡിവില്ലിയേഴ്‌സിനും സെഞ്ച്വറി നേടിയ ഉടനെ കോഹ്ലിയും പുറത്തായതോടെ ബാംഗ്ലൂര്‍ തകര്‍ച്ചയിലായി.
ചെന്നൈയ്ക്ക് വേണ്ടി സാം കറന്‍ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ചാഹര്‍ രണ്ട് വിക്കറ്റ് സ്വന്തമാക്കി. ശേഷിച്ച വിക്കറ്റ് സാന്റ്‌നര്‍ സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്ക്ക് വേണ്ടി ഗെയ്ക്‌വാദും ഫാഫ് ഡുപ്ലെസിയും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. ഇരുവരും ആക്രമിച്ച് കളിക്കാന്‍ തുടങ്ങിയതോടെ ചെന്നൈ സ്‌കോര്‍ കുതിച്ചു. ഡുപ്ലെസിയായിരുന്നു കൂടുതല്‍ ആക്രമണം അഴിച്ചുവിട്ടത്. ഇരുവരും ചേര്‍ന്ന് നാലോവറില്‍ 40 റണ്‍സെടുത്തു.
എന്നാല്‍ ആറാം ഓവറില്‍ 25 റണ്‍സെടുത്ത ഡുപ്ലെസിയെ പുറത്താക്കി ക്രിസ് മോറിസ് ബാംഗ്ലൂരിന് ആദ്യ വിക്കറ്റ് സമ്മാനിച്ചു. ഡുപ്ലെസിയ്ക്ക് ശേഷം ക്രീസിലെത്തിയത് അമ്പാട്ടി റായുഡുവാണ്. റായുഡുവും ഗെയ്ക്‌വാദും ചേര്‍ന്ന് സ്‌കോര്‍ 50 കടത്തി.
റായുഡുവും മികച്ച ഫോം കണ്ടെത്തിയതോടെ ചെന്നൈ വിജയലക്ഷ്യത്തിലേക്ക് അനായാസേന കുതിച്ചു. ഇരുവരും ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ടും പടുത്തുയര്‍ത്തി. 12 ഓവറില്‍ 100 റണ്‍സും ചെന്നൈ മറികടന്നു. റായുഡു പുറത്തായെങ്കിലും ഒടുവില്‍ ധോണിയെ കൂട്ടുപിടിച്ച് ഗെയ്ക്‌വാദ് അനായാസം ടീമിനെ വിജയത്തിലെത്തിച്ചു.