ക്രിക്കറ്റിലെ അതുല്യരായ താരങ്ങളെ അടയാളപ്പെടുത്തുന്ന ഐ സി സിയുടെ ‘ഹാള്‍ ഓഫ് ഫെയിമിന്റെ’ പേജിലാണ് ഇത്തരത്തിലൊരു അബദ്ധം സംഭവിച്ചത്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും നിലവിലെ ദേശീയ ക്രിക്കറ്റ് അക്കാദമി തലവനുമായ രാഹുല്‍ ദ്രാവിഡിനെ ഇടങ്കയ്യന്‍ ബാറ്റസ്മാനെന്നാണ് പേജില്‍ അടയാളപ്പെടുത്തിയിരിക്കുന്നത്.
ടെസ്റ്റിലും ഏകദിനത്തിലും പതിനായിരത്തിലധികം റണ്‍സ് നേടിയ ഇന്ത്യ കണ്ട ഏറ്റവും മികച്ച വലങ്കയ്യന്‍ ബാറ്റ്സ്മാന്‍മാരില്‍ ഒരാളാണ് രാഹുല്‍ ദ്രാവിഡ്. ഇത്രയും മികച്ച കരിയര്‍ റെക്കോര്‍ഡുള്ള ഒരു ഇതിഹാസ താരത്തെ അപമാനിച്ചുവെന്ന് ആരോപിച്ച് ആരാധകര്‍ രംഗത്തെത്തി. #shame on you @ICC എന്ന ഹാഷ്ടാഗില്‍ ആരാധകര്‍ ഐ സി സിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനവുമായി മുന്നോട്ട് പോവുകയാണ്.
ഇന്ത്യയ്ക്കായി 1996 മുതല്‍ 2012 വരെ 164 ടെസ്റ്റുകളും 344 ഏകദിനങ്ങളും കളിച്ച് അന്താരാഷ്ട്ര ക്രിക്കറ്റില്‍ 24,177 റണ്‍സിന്റെ പെരുമയുള്ള ദ്രാവിഡിനെ അപമാനിക്കുന്ന നടപടിയാണ് ഐ സി സിയുടെ ഭാഗത്തു നിന്നും ഉണ്ടായതെന്നാണ് ആരാധകരുടെ ഭാഷ്യം.
അമളി പിണഞ്ഞത് മനസ്സിലാക്കി വെബ്സൈറ്റില്‍ തിരുത്തിയെങ്കിലും ഐ സി സി ഇതിനോട് ഔദ്യോഗികമായ് പ്രതികരിച്ചിട്ടില്ല.