എല്ലാ മുൻകരുതലുകളും സ്വീകരിക്കും. മെഡിക്കൽ സംഘവും ഡോക്ടർമാരും നിർദേശിക്കുന്നതിനനുസരിച്ച് കാര്യങ്ങൾ ചെയ്യും
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഐ.പി.എൽ (ഇന്ത്യൻ പ്രീമിയർ ലീഗ്) മാറ്റിവച്ചേക്കുമെന്ന റിപ്പോർട്ടുകൾ തള്ളി ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. മാർച്ച് 29-നു തന്നെ ഐപിഎൽ പുതിയ സീസണിനു തുടക്കമാകുമെന്നും കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നും ഗാംഗുലി പറഞ്ഞു. ഐ.പി.എല്ലിന് തടസമുണ്ടാകില്ല. എല്ലായിടത്തും ടൂർണമെന്റുകൾ നടക്കുകയാണ്. ഇംഗ്ലണ്ട് ശ്രീലങ്കയിൽ കളിക്കുന്നുണ്ട്. ദക്ഷിണാഫ്രിക്ക ഇന്ത്യയിൽ കളിക്കുന്നു. കൗണ്ടി ടീമുകൾ ലോകമെങ്ങും സഞ്ചരിച്ച് കളിക്കുന്നുണ്ട്. അബൂദബിയിലേക്കും യു.എ.ഇയിലേക്കും കളിക്കാനായി പോവുകയാണ്. അവിടെയൊന്നും കുഴപ്പങ്ങളില്ല. എല്ലാ മുൻകരുതലുകളും സ്വീകരിക്കും. മെഡിക്കൽ സംഘവും ഡോക്ടർമാരും നിർദേശിക്കുന്നതിനനുസരിച്ച് കാര്യങ്ങൾ ചെയ്യും -ഗാംഗുലി പറഞ്ഞു. ന്യൂഡൽഹിയിൽ നടക്കേണ്ട ഷൂട്ടിംഗ് ലോകകപ്പ് മാറ്റിവെച്ചിട്ടുണ്ട്.
കൊറോണ വൈറസ് ബാധ നിരീക്ഷിച്ചുവരികയാണെന്ന് ഐ.പി.എൽ ഗവേണിംഗ് കൗണ്‍സിൽ ചെയർമാൻ ബ്രിജേഷ് പട്ടേൽ പറഞ്ഞു. ഐ.പി.എല്ലിനു കൊറോണ ഭീഷണിയില്ല. ഈ മാസം അവസാനമാണു ടൂർണമെന്റ് ആരംഭിക്കുന്നത്. കൊറോണ വൈറസ് ബാധ വളരെക്കുറച്ച് മാത്രം റിപ്പോർട്ട് ചെയ്തിട്ടുള്ള രാജ്യങ്ങളിൽനിന്നു കളിക്കാർ എത്തും. എല്ലാം മുൻ നിശ്ചയിച്ച പ്രകാരം നടക്കുമെന്നും ബ്രിജേഷ് പട്ടേൽ വ്യക്തമാക്കി.