ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോർഡാണ് ബിസിസിഐ. എല്ലാ വർഷവും ഐപിഎലിലൂടെ ബിസിസിഐ കോടികൾ ഉണ്ടാക്കുന്നു. ഈ വർഷം മീഡിയ റൈറ്റ്സിലൂടെ മാത്രം ബിസിസിഐയ്ക്ക് ലഭിച്ചത് 48,390 കോടി രൂപ. ഇതിൽ നിന്ന് എത്ര രൂപ നികുതി അടച്ചിട്ടുണ്ടാവും? അതറിഞ്ഞാൽ നിങ്ങൾ ഞെട്ടും, പൂജ്യം!
ഇത്രയധികം പണം സമ്പാദിച്ചിട്ടും ഒരു രൂപ പോലും ബിസിസിഐ നികുതി അടയ്ക്കാത്തതിനു കാരണം ബിസിസിഐ ഒരു ചാരിറ്റബിൾ ഓർഗനൈസേഷനായതുകൊണ്ടാണ്. 1996ലാണ് ചാരിറ്റബിൾ ഓർഗനൈസേഷനായി ബിസിസിഐയെ രജിസ്റ്റർ ചെയ്യുന്നത്. ജീവകാരുണ്യ സ്ഥാപനമായി രജിസ്റ്റർ ചെയ്തിരിക്കുന്നതുകൊണ്ടാണ് ബിസിസിഐ നികുതിയിൽ നിന്ന് രക്ഷപ്പെടുന്നത്. 1961ലെ ഇൻകം ടാക്സ് ആക്ട് പ്രകാരം ജീവകാരുണ്യ സ്ഥാപനങ്ങൾക്ക് നികുതി നൽകേണ്ടതില്ല.
സുപ്രീം കോടതി അംഗീകരിച്ച ജസ്റ്റിസ് ലോധ കമ്മിറ്റിയുടെ ശുപാർശകൾ ഉൾപ്പെടുത്തുന്നതിനായി അതിന്റെ മെമ്മോറാണ്ടം ഓഫ് അസോസിയേഷനിൽ (എംഒഎ) വരുത്തിയ ഭേദഗതികളുടെ പശ്ചാത്തലത്തിൽ പുതിയ രജിസ്ട്രേഷന് അപേക്ഷിച്ചപ്പോൾ അതിന്റെ നില തർക്കമായി.
2021ൽ, സുപ്രിം കോടതി നിയമിച്ച ലോധ കമ്മിറ്റിയുടെ ശുപാർശകളുടെ പശ്ചാത്തലത്തിൽ വീണ്ടും ബിസിസിഐ രജിസ്ട്രേഷന് അപേക്ഷിക്കേണ്ടിവന്നു. ഈ സമയത്ത് ബിസിസിഐ നികുതി നൽകാത്തത് ചോദ്യം ചെയ്യപ്പെട്ടു. ജീവകാരുണ്യ സ്ഥാപനങ്ങൾക്ക് നികുതി അടയ്ക്കേണ്ടതില്ലെങ്കിലും പൊതുജനത്തിന് ഉപകാരപ്രദമാകുന്ന എന്തെങ്കിലും പ്രമോട്ട് ചെയ്യാനല്ലാതെ ഒരു വാണിജ്യ ഇടപാട് നടത്താൻ പാടില്ലെന്ന് നിയമം അനുശാസിക്കുന്നു. ഇത് മുൻനിർത്തിയാണ് ഇൻകം ടാക്സ് ഡിപ്പാർട്ട്മെൻ്റ് ബിസിസിഐയെ ചോദ്യം ചെയ്തത്. എന്നാൽ, ഐപിഎൽ നടത്തുന്നത് ക്രിക്കറ്റിനെ പ്രമോട്ട് ചെയ്യാനാണെന്ന് ബിസിസിഐ ഇൻകം ടാക്സ് അപ്പെലറ്റ് ട്രൈബ്യൂണലിൽ നിവേദനം സമർപ്പിച്ചു. അതുകൊണ്ട് തന്നെ ഐപിഎൽ വരുമാനത്തെ നികുതിയിൽ നിന്ന് മാറ്റണമെന്നും ബിസിസിഐ അവകാശപ്പെട്ടു. ഈ അപേക്ഷയെ ട്രൈബ്യൂണൽ അംഗീകരിക്കുകയും ചെയ്തു. സാങ്കേതികമായി ബിസിസിഐയുടെ വാദം ശരിവച്ചുകൊണ്ടാണ് ട്രൈബ്യൂണൽ അപേക്ഷയെ അംഗീകരിച്ചത്. ഐപിഎൽ ടൂർണമെന്റ് നടത്തുന്നതിലൂടെ ലഭിക്കുന്ന അധിക വരുമാനം ഉൾപ്പെടെ ബിസിസിഐയുടെ ഉടമസ്ഥതയിലുള്ള പണം മുഴുവൻ ക്രിക്കറ്റിനെ പ്രോത്സാഹിപ്പിക്കുന്നതിനാണ് വിനിയോഗിക്കേണ്ടതെന്ന് ഉത്തരവിൽ പറയുന്നു.
അതേസമയം, ഐസിസിയ്ക്ക് ഇങ്ങനെ ഒരു പരിഗണനയില്ല. ഇക്കൊല്ലം നടക്കുന്ന ഏകദിന ലോകകപ്പിൽ ഐസിസിയ്ക്ക് ബിസിസിഐ 963 കോടി രൂപ നൽകണം. ഐസിസി കേന്ദ്ര സർക്കാരിന് അടയ്ക്കേണ്ട നികുതിയാണ് ബിസിസിഐ നൽകുന്നത്.