Cricket

ഐപിഎൽ; സ്റ്റേഡിയത്തിൽ കൂടുതൽ കാണികളെ പ്രവേശിപ്പിക്കാനൊരുങ്ങി ബിസിസിഐ

ഐപിഎൽ മത്സരങ്ങളിൽ കൂടുതൽ കാണികളെ പ്രവേശിപ്പിക്കാനൊരുങ്ങി ബിസിസിഐ. സ്റ്റേഡിയത്തിൻ്റെ 65-70 ശതമാനം സീറ്റുകളിൽ ബിസിസിഐ ഏറെ വൈകാതെ കാണികൾക്ക് പ്രവേശനം അനുവദിക്കുമെന്നാണ് റിപ്പോർട്ട്. ഔദ്യോഗിക അറിയിപ്പ് ഉടൻ പുറത്തുവന്നേക്കും. നിലവിൽ 25 ശതമാനം കാണികളെയാണ് സ്റ്റേഡിയങ്ങളിൽ അനുവദിക്കുന്നത്.

അതേസമയം, ഇന്നലെ നടന്ന മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ രാജസ്ഥാൻ റോയൽസ് 61 റൺസിന്റെ ജയം കുറിച്ചിരുന്നു. സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 210 റൺസാണ് രാജസ്ഥാൻ റോയൽസ് നേടിയത്. മറുപടി ബാറ്റിങ്ങിനായി ഇറങ്ങിയ ഹൈദരാബാദിന് 20 ഓവറിൽ 149/ 7 എടുക്കാനെ സാധിച്ചുള്ളൂ.സ്കോർ രാജസ്ഥാൻ റോയൽസ് 20 ഓവറിൽ 210-6, സൺറൈസേഴ്സ് ഹൈദരാബാദ് 20 ഓവറിൽ 149-7.

അഞ്ച് സിക്‌സറും മൂന്ന് ബൗണ്ടറിയും പറത്തിക്കൊണ്ട് പതിനഞ്ചാം സീസണിലെ ആദ്യ മത്സരത്തിൽ സഞ്ജു തകർത്താടി. 27 ബോളിൽ 55 റൺസാണ് സഞ്ജു നേടിയത്. ബംഗളൂരിൽ നിന്ന് രാജസ്ഥാനിലേക്ക് എത്തിയ ദേവദത്ത് പടിക്കൽ 29 ബോളിൽ രണ്ട് സിക്‌സറും നാല് ബൗണ്ടറിയുമുൾപ്പെടെ 41 റൺസ് എടുത്തു.