ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്ക് 145 റൺസ് വിജയലക്ഷ്യം. രണ്ടാം ഇന്നിംഗ്സിൽ 231 റൺസിന് ബംഗ്ലാദേശ് ഓൾഔട്ടായി. 73 റൺസ് നേടിയ ലിറ്റൺ ദാസാണ് ബംഗ്ലാദേശിൻ്റെ ടോപ്പ് സ്കോറർ. സാകിർ ഹസൻ (51), നൂറുൽ ഹസൻ (31), ടാക്സിൻ അഹ്‌മദ് (31 നോട്ടൗട്ട്) എന്നിവരും ബംഗ്ലാ സ്കോറിലേക്ക് നിർണായക സംഭാവനകൾ നൽകി. ഇന്ത്യക്കായി അക്സർ പട്ടേൽ 3 വിക്കറ്റ് വീഴ്ത്തി.
87 റൺസിൻ്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ബംഗ്ലാദേശിന് നസ്‌മുൽ ഹുസൈൻ ഷാൻ്റോയെയും (5) മോമിനുൽ ഹഖിനെയും (5) വേഗം നഷ്ടമായി. പിന്നാലെ ഷാക്കിബ് അൽ ഹസൻ (13), മുഷ്ഫിക്കർ റഹീം (9) എന്നീ വിക്കറ്റുകളും വേഗം വീണതോടെ ബംഗ്ലാദേശ് 4 വിക്കറ്റ് നഷ്ടത്തിൽ 70 റൺസ് എന്ന നിലയിലേക്ക് കൂപ്പുകുത്തി. ഒരുവശത്ത് വിക്കറ്റ് നഷ്ടമാകുമ്പോഴും പിടിച്ചുനിന്ന സാകിർ ഹസൻ ഫിഫ്റ്റിക്ക് പിന്നാലെ മടങ്ങി. മെഹദി ഹസൻ മിറാസും (0) വേഗം പുറത്തായി. പിന്നീട് വാലറ്റത്തെ കൂട്ടുപിടിച്ച് ലിറ്റൺ ദാസ് നടത്തിയ ചെറുത്തുനിൽപ്പാണ് ബംഗ്ലാദേശിന് മാന്യമായ സ്കോർ സമ്മാനിച്ചത്.
ബംഗ്ലാദേശിൻ്റെ ആദ്യ ഇന്നിംഗ്സ് സ്കോറായ 227നു മറുപടിയായി രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 314 റൺസെടുത്ത് പുറത്തായിരുന്നു. ഋഷഭ് പന്ത് (93) ആണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ശ്രേയാസ് അയ്യർ 87 റൺസെടുത്തു. ബംഗ്ലാദേശിനായി ഷാക്കിബ് അൽ ഹസൻ, തായ്ജുൽ ഇസ്ലാം എന്നിവർ 4 വിക്കറ്റ് വീതം വീഴ്ത്തി.