Cricket

ഏഷ്യാ കപ്പ്: ജയം തുടരാൻ അഫ്ഗാനിസ്ഥാൻ; കരുതലോടെ ബംഗ്ലാദേശ്

ഏഷ്യാ കപ്പിൽ ഇന്ന് അഫ്ഗാനിസ്ഥാൻ ബംഗ്ലാദേശിനെ നേരിടും. ശ്രീലങ്കയെ തകർത്തെറിഞ്ഞ് ആദ്യ ജയം സ്വന്തമാക്കിയ അഫ്ഗാനിസ്ഥാൻ ഇന്ന് കൂടി വിജയിച്ച് സൂപ്പർ ഫോറിൽ പ്രവേശിക്കുകയെന്ന ലക്ഷ്യത്തോടെയാവും ഇറങ്ങുക. അതേസമയം, ജയത്തോടെ ഏഷ്യാ കപ്പ് ക്യാമ്പയിൻ ആരംഭിക്കുകയാവും ബംഗ്ലാദേശിൻ്റെ ലക്ഷ്യം.

ശ്രീലങ്കയെ എട്ട് വിക്കറ്റിന് തോൽപിച്ചു എന്നതിനപ്പുറം അഫ്ഗാനിസ്ഥാൻ്റെ വിജയം വളരെ ആധികാരികമായിരുന്നു എന്നതാണ് ശ്രദ്ധേയം. ശ്രീലങ്കയെ 105 റൺസിന് എറിഞ്ഞിട്ട അഫ്ഗാൻ വെറും 10.1 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയം കണ്ടു. ബാറ്റ് കൊണ്ടും പന്തുകൊണ്ടും ഒരുപോലെ മികച്ചുനിന്ന അവർ പവർപ്ലേയിൽ വിക്കറ്റ് നഷ്ടമില്ലാതെ അടിച്ചുകൂട്ടിയത് 83 റൺസാണ്. ബൗളിംഗിൽ അവരുടെ പ്രധാന ബൗളർ റാഷിദ് ഖാൻ ഒരു വിക്കറ്റ് പോലും വീഴ്ത്തിയില്ലെന്നതും ശ്രദ്ധേയമാണ്. എന്നിട്ടും ശ്രീലങ്കയെ ഓൾഔട്ടാക്കാൻ അഫ്ഗാനു സാധിച്ചു.

മറുവശത്ത് ഷാക്കിബുൽ ഹസൻ്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് ഇതുവരെ ടി-20യിൽ അത്ര മികച്ച പ്രകടനങ്ങളല്ല നടത്തിയിട്ടുള്ളത്. ടി-20യ്ക്ക് പറ്റിയ താരങ്ങൾ ബംഗ്ലാദേശിൽ കുറവാണ്. അത് അവർക്ക് വലിയ തിരിച്ചടിയാവും. അഫ്ഗാനിസ്ഥാനെതിരെ 9 മത്സരങ്ങൾ കളിച്ച ബംഗ്ലാദേശ് വെറും 3 മത്സരങ്ങളിൽ മാത്രമേ വിജയിച്ചിട്ടുള്ളൂ. അഫ്ഗാൻ്റെ ഓപ്പണർമാരെ വേഗം പുറത്താക്കുക മാത്രമാണ് ബംഗ്ലാദേശിനു വിജയിക്കാനുള്ള ഏക മാർഗം.

അതേസമയം, ഏഷ്യാ കപ്പിൽ പാകിസ്താനെതിരെ ഇന്ത്യ ആവേശജയം കുറിച്ചു. പാകിസ്താൻ മുന്നോട്ടുവച്ച 148 റൺസ് വിജയലക്ഷ്യം 2 പന്തുകളും 5 വിക്കറ്റും ബാക്കിനിൽക്കെ ഇന്ത്യ മറികടക്കുകയായിരുന്നു. 35 റൺസെടുത്ത രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ ജോയിൻ്റ് ടോപ്പ് സ്കോറർ. വിരാട് കോലി (35), ഹാർദ്ദിക് പാണ്ഡ്യ (33 നോട്ടൗട്ട്) എന്നിവരും ഇന്ത്യക്കായി തിളങ്ങി. ജഡേജയും ഹാർദ്ദിക്കും ചേർന്ന് അഞ്ചാം വിക്കറ്റിൽ പടുത്തുയർത്തിയ 52 റൺസിൻ്റെ കൂട്ടുകെട്ട് കളിയിൽ നിർണായകമായി. പാകിസ്താനു വേണ്ടി മുഹമ്മദ് നവാസ് 3 വിക്കറ്റ് വീഴ്ത്തി.

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ നിശ്ചിത 19.5 ഓവറിൽ 147 റൺസ് നേടുന്നതിനിടെ ഓൾഔട്ടായി. 43 റൺസെടുത്ത മുഹമ്മദ് റിസ്‌വാൻ ആണ് പാകിസ്താൻ്റെ ടോപ്പ് സ്കോറർ. ഇന്ത്യക്കായി ഭുവനേശ്വർ കുമാർ നാലും ഹാർദ്ദിക് പാണ്ഡ്യ മൂന്നും വിക്കറ്റ് വീതം വീഴ്ത്തി.