Cricket Sports

ബെൻ സ്റ്റോക്സ് മാറ്റിയെഴുതുന്ന ഓൾറൗണ്ടർ സമവാക്യങ്ങൾ

2016 ടി-20 ലോകകപ്പ് ഫൈനൽ. ഇംഗ്ലണ്ട് വെസ്റ്റ് ഇൻഡീസിനെ നേരിടുകയാണ്. ഇംഗ്ലണ്ടിൻ്റെ 155 റൺസ് പിന്തുടർന്നിറങ്ങിയ വെസ്റ്റ് ഇൻഡീസ് ഒരു ഓവർ ബാക്കി നിൽക്കെ 6 വിക്കറ്റ് നഷ്ടത്തിൽ 137 റൺസെന്ന നിലയിലാണ്. അവസാന ഓവറിൽ വേണ്ടത് 19 റൺസ്. ക്യാപ്റ്റൻ ഓയിൻ മോർഗൻ ബെൻ സ്റ്റോക്സിൻ്റെ കയ്യിൽ പന്തേല്പിച്ചു. കാർലോസ് ബ്രാത്‌വെയ്റ്റ് ആയിരുന്നു ക്രീസിൽ. നാല് പന്തുകൾ, നാല് സിക്സറുകൾ. വിൻഡീസ് ടീമിൻ്റെ ജയാരവങ്ങൾക്കിടയിൽ സ്റ്റോക്സ് നിരാശയോടെ നിലത്തിരിക്കുന്ന ദൃശ്യങ്ങൾ ആ മത്സരത്തിൻ്റെ ആകെ പ്രതിഫലനമായി.

മൂന്ന് വർഷങ്ങൾ പിന്നിട്ടു. 2019 ലോകകപ്പ് ഫൈനൽ. ന്യൂസീലൻഡ് മുന്നോട്ടുവച്ച 242 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ടിന് വളരെ വേഗം നാല് വിക്കറ്റുകൾ നഷ്ടമായി. ക്രൈസിസ് സിറ്റുവേഷൻ. ക്രീസിൽ ബെൻ സ്റ്റോക്സും ജോസ് ബട്‌ലറും. 110 റൺസിൻ്റെ ഗെയിം ചേഞ്ചിംഗ് പാർട്ട്ണർഷിപ്പിനൊടുവിൽ 59 റൺസെടുത്ത് ബട്‌ലർ പുറത്ത്. സ്കോർ 44.5 ഓവറിൽ 196-5. ബാറ്റൺ സ്റ്റോക്സ് ഏറ്റെടുത്തു. പക്ഷേ, ക്രിസ് വോക്സ് (2), ലിയാം പ്ലങ്കറ്റ് (10), ജോഫ്ര ആർച്ചർ (0) എന്നിവർ വേഗം പുറത്തായതോടെ അവസാന ഓവറിലെ വിജയലക്ഷ്യം 15 റൺസ്. മൂന്നും നാലും പന്തുകളിൽ സ്റ്റോക്സിൻ്റെ രണ്ട് സിക്സറുകൾ. ജയിക്കാൻ രണ്ട് പന്തുകളിൽ മൂന്ന് റൺസ്. പക്ഷേ, രണ്ട് റൺസേ എടുക്കാനയുള്ളൂ. അവസാന രണ്ട് പേർ റണ്ണൗട്ടാവുകയും ചെയ്തു. മത്സരം സമനില. ബെൻ സ്റ്റോക്സ് 84 റൺസ് നോട്ടൗട്ട്. സൂപ്പർ ഓവറിൽ വീണ്ടും സമനില. ഒടുവിൽ ഇംഗ്ലണ്ടിന് നാടകീയ ജയം.

മൂന്ന് വർഷങ്ങൾ കൊണ്ട് ബെൻ സ്റ്റോക്സ് എന്ന ക്രിക്കറ്റർ സ്വയം പരുവപ്പെട്ടത് ഇങ്ങനെയായിരുന്നു. ടി-20 ലോകകപ്പ് നഷ്ടപ്പടുത്തിയ ഇമേജിൽ നിന്ന് ഏകദിന ലോകകപ്പ് നേടിയ ഇമേജിലേക്ക് ഒരു അവിശ്വസനീയ പരിണാമം. ആഷസ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ, ഹെഡിംഗ്‌ലിയിൽ നടന്ന നൈൽ ബൈറ്റിംഗ് മാച്ചിൽ ഓസ്ട്രേലിയക്കും വിജയത്തിനുമിടയിൽ നിന്നതും ഇതേ സ്റ്റോക്സ് ആയിരുന്നു. അവസാന വിക്കറ്റിലെ 76 റൺസ് പാർട്ണർഷിപ്പിൽ സ്റ്റോക്സിൻ്റെ പങ്കാളിയായ ജാക്ക് ലീച്ച് നേടിയത് വെറും ഒരു റൺ ആയിരുന്നു. മനസാന്നിധ്യത്തിൻ്റെ 330 മിനിട്ടുകൾ നീണ്ട ഇന്നിംഗ്സിനൊടുവിൽ ഇംഗ്ലണ്ടിന് ഒരു വിക്കറ്റിൻ്റെ അവിശ്വസനീയ ജയം സമ്മാനിക്കുമ്പോൾ സ്റ്റോക്സ് 135 നോട്ട് ഔട്ട്.

കഴിഞ്ഞ ദിവസം വെസ്റ്റ് ഇൻഡീസിനെതിരെ നടന്ന രണ്ടാം ടെസ്റ്റ് മത്സരത്തിൽ ബെൻ സ്റ്റോക്സിലെ ബാറ്റ്സ്മാൻ്റെ ഇരട്ടമുഖം കണ്ടു. ആദ്യ ഇന്നിംഗ്സിൽ തൻ്റെ കരിയറിലെ ഏറ്റവും വേഗത കുറഞ്ഞ സെഞ്ചുറിയടിച്ച സ്റ്റോക്സ് രണ്ടാം ഇന്നിംഗ്സിൽ തൻ്റെ ഏറ്റവും വേഗതയേറിയ ടെസ്റ്റ് അർദ്ധസെഞ്ചുറിയും കുറിച്ചു. ഒപ്പം, മൂന്ന് വിക്കറ്റുകളും മത്സരത്തിലെ താരവും.

ന്യൂസീലൻഡിലെ ക്രൈസ്റ്റ്ചർച്ചിൽ ജനിച്ച ബെഞ്ചമിൻ ആൻഡ്രൂ സ്റ്റോക്സ് എന്ന ബിഗ് ബെൻ ഒരു കംപ്ലീറ്റ് ക്രിക്കറ്ററാണ്. ടീമിനു വേണ്ടി കഷ്ടപ്പെട്ട് പണിയെടുക്കുന്ന താരം. പന്തെറിഞ്ഞിട്ട് സ്ട്രൈറ്റ് ഡ്രൈവിനു പിന്നാലെയോടി ബൗണ്ടറി ലൈനിൽ വെച്ച് പന്ത് സേവ് ചെയ്യുന്നത്രയുമാണ് അദ്ദേഹത്തിൻ്റെ സമർപ്പണം. സാഹചര്യങ്ങൾക്കനുസരിച്ച് ബാറ്റ് ചെയ്യാൻ കഴിയുന്നു എന്നത് തന്നെയാണ് സ്റ്റോക്സിനെ വളരെ അപകടകാരിയാക്കുന്നത്. അവിടെയാണ് സമകാലികരായ പല ഓൾറൗണ്ടർമാരും പിന്നാക്കം പോകുന്നത്. പന്തിൽ പേസും ബൗൺസും സ്വിങും കണ്ടെത്താൻ കഴിയുന്ന സ്റ്റോക്സ് അവിടെയും ഒരു റെയർ ബ്രീഡ് ആവുന്നു. ഇങ്ങനെയുള്ള ഓൾറൗണ്ടർമാരെ എങ്ങനെ രൂപപ്പെടുത്തിയെടുക്കാമെന്നതാണ് ഇപ്പോൾ ടീമുകളുടെ ലക്ഷ്യം. അതുകൊണ്ട് തന്നെ ബെൻ സ്റ്റോക്സ് മാറ്റിയെഴുതുന്നത് ക്രിക്കറ്റിലെ ഓൾറൗണ്ടർ സമവാക്യങ്ങളെയാണ്.